അക്ബറും ഔറംഗസേബും ഇന്ത്യയുടെ വീരനായകരല്ല : യോഗി ആദിത്യ നാഥ്


ലഖ്നോ: അക്ബറും ഔറംഗസേബും ഇന്ത്യയുടെ വീരനായകരല്ലെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്. ഹിന്ദുക്കളോടുള്ള അവരുടെ ചിന്താഗതി വളരെ മോശമായിരുന്നുവെന്നും യോഗി അവകാശപ്പെട്ടു. അതിനാൽ അക്ബറെയോ ഔറംഗസേബിനെയോ അല്ല, ശിവജിയെയും മഹാറാണാ പ്രതാപിനെയും ഗുരു ഗോവിന്ദ് സിങിനെയുമാണ് ഇന്ത്യയുടെ വീരനായകരായി കണക്കാക്കേണ്ടതെന്നും യു.പി മുഖ്യമന്ത്രി പറഞ്ഞു. നോയ്ഡക്കടുത്തുള്ള ദാദ്രിയിൽ മഹാരാണാ പ്രതാപിന്റെ പ്രതിമ അനാഛാദനം ചെയ്യുന്ന ചടങ്ങിലായിരുന്നു ചരിത്രം വളച്ചൊടിക്കുന്ന രീതിയിലുള്ള യോഗിയുടെ പ്രഖ്യാപനം.
മഹാറാണാ പ്രതാപ് ഒരു യഥാർഥ ഇന്ത്യൻ നായകനായിരുന്നു. ആത്മാഭിമാനത്തിനും വിശ്വാസത്തിനും രാഷ്ട്രത്തിനും വേണ്ടിയുള്ള അദ്ദേഹത്തിന്റെ സമർപ്പണം അതുല്യമാണെന്നും യോഗി ചൂണ്ടിക്കാട്ടി. യോദ്ധാവായ റാണാ സംഗയുടെ ധീരതയെ കുറിച്ചും യു.പി മുഖ്യമന്ത്രി വാചാലനായി. ഗൗതം ബുദ്ധനഗറിൽ 1467കോടി രൂപയുടെ 97 വികസന പദ്ധതികൾക്കാണ് യോഗി ശിലയിട്ടത്.