അജിത് ദോവലിനും മുന്‍ റോ മേധാവിക്കും അമേരിക്കന്‍ കോടതിയുടെ സമന്‍സ്, കൈമാറാന്‍ ദില്ലി കോടതികളുടെ സഹായം തേടി
അജിത് ദോവലിന് സമന്‍സ് കൈമാറാന്‍ പട്യാല ഹൗസ് കോടതിയോടും സമന്ത് ഗോയലിന് കൈമാറാന്‍ ദ്വാരക, തീസ് ഹസാരി കോടതികളോടുമാണ് സഹായം തേടിയത്.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലിന് സമന്‍സ് കൈമാറാന്‍ ദില്ലി കോടതികളുടെ സഹായം തേടി അമേരിക്കന്‍ കോടതി. ഖലിസ്ഥാനി വിഘടനവാദി ഗുര്‍പത്വന്ത് സിങ് പന്നൂന്‍ നല്‍കിയ വധഗൂഢാലോചനാ കേസിലാണ് ന്യൂയോര്‍ക്കിലെ ഫെഡറല്‍ കോടതിയുടെ നടപടി. മുന്‍ റോ മേധാവി സമന്ത് ഗോയലിനും സമന്‍സ് കൈമാറാനാണ് നീക്കം. നവംബര്‍ 13 നാണ് ന്യൂയോര്‍ക്കിലെ സതേണ്‍ ഡിസ്ട്രിക്റ്റ് കോടതി ജഡ്ജി കാതറിന്‍ പോള്‍ക്ക് ഫെയ്‌ല നടപടി സംബന്ധിച്ച് ഉത്തരവിറക്കിയത്.
അജിത് ദോവലിന് സമന്‍സ് കൈമാറാന്‍ പട്യാല ഹൗസ് കോടതിയോടും സമന്ത് ഗോയലിന് കൈമാറാന്‍ ദ്വാരക, തീസ് ഹസാരി കോടതികളോടുമാണ് സഹായം തേടിയത്. ഹേഗ് കണ്‍വെന്‍ഷനിലെ ആര്‍ട്ടിക്കിള്‍ 19 പ്രകാരമാണ് നടപടി. നേരത്തെ നയതന്ത്ര - ഔദ്യോഗിക മാര്‍ഗങ്ങളിലൂടെ സമന്‍സ് കൈമാറാനുള്ള ശ്രമങ്ങള്‍ വിജയിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് ദില്ലി കോടതികളുടെ സഹായം അമേരിക്കന്‍ കോടതി തേടിയിരിക്കുന്നത്.
2024 ലാണ് പന്നൂന്‍ അമേരിക്കയില്‍ സിവില്‍ കേസ് ഫയല്‍ ചെയ്തത്. തന്നെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്നായിരുന്നു ദോവലും സമന്ത് ഗോയലും ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ ആരോപണം. കേസില്‍ ഇന്ത്യയുടെ നിലപാട് നേരത്തെ തന്നെ വ്യക്തമായിരുന്നു. അമേരിക്കന്‍ കോടതിയുടെ നീക്കത്തിനെതിരെ ഇന്ത്യ ശക്തമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. പന്നൂന്റെ കേസ് കെട്ടിച്ചമച്ചതും ദുരുദ്ദേശ്യപരവുമാണെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം. ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരായ അടിസ്ഥാനരഹിതമായ ആരോപണങ്ങളും ഇത്തരം നിസ്സാര പരാതികളും ഇന്ത്യ അംഗീകരിക്കില്ലെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് വ്യക്തമാക്കിയിരുന്നു. ഇന്ത്യയില്‍ വിദേശ കോടതി രേഖകള്‍ കൈമാറാനുള്ള അപേക്ഷകള്‍ കേന്ദ്രത്തിന്റെ നിയുക്ത അധികാരിയായ നിയമ മന്ത്രാലയം വഴിയേ വരാവൂ എന്നും ഇന്ത്യ നിലപാടെടുത്തിരുന്നു. ഈ സാഹചര്യത്തില്‍ ദോവലിനും ഗോയലിനുമുള്ള സമന്‍സുകള്‍ കൈമാറാന്‍ അമേരിക്കന്‍ കോടതിയെ ദില്ലി കോടതികള്‍ സഹായിക്കുമോ എന്നതിന് വൈകാതെ ഉത്തരമറിയാം.
.jpg)

