പറക്കാം കുറഞ്ഞ ചിലവിൽ! ; എയർ ഇന്ത്യ എക്സ്പ്രസിൽ ടിക്കറ്റ് നിരക്ക് 1550 രൂപ മുതൽ!

air india express

കൊച്ചി: ആഭ്യന്തര, അന്താരാഷ്ട്ര യാത്രകളിൽ 20 ശതമാനം വരെ കിഴിവുമായി എയർ ഇന്ത്യ എക്സ്പ്രസിൽ എക്സ്പ്രസ് മോർ സെയിൽ ആരംഭിച്ചു. ഓഫറിന്റെ ഭാഗമായി 1550 രൂപ മുതൽ ആരംഭിക്കുന്ന ആഭ്യന്തര വിമാന ടിക്കറ്റും 6510 രൂപ മുതലുള്ള അന്താരാഷ്ട്ര വിമാന ടിക്കറ്റുകളും ലഭിക്കും. ഫെബ്രുവരി 11 മുതൽ ഡിസംബർ 31 വരെയുള്ള യാത്രകൾക്കായി ഫെബ്രുവരി അഞ്ച് വരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകളാണ് ഓഫർ നിരക്കിൽ ലഭിക്കുക.
15 കിലോ ചെക്ക് ഇൻ ബാഗേജിന് 1500 രൂപ

tRootC1469263">

ഓഫർ കാലയളവിൽ എയർ ഇന്ത്യ എക്‌സ്പ്രസ് വെബ്‌സൈറ്റിലൂടെയും മൊബൈൽ ആപ്പിലൂടെയും ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്ക് കൺവീനിയൻസ് ഫീ ഈടാക്കില്ല. കൂടാതെ ഒരുതവണ സൗജന്യമായി യാത്രാ തീയതി മാറ്റാനും സാധിക്കും. എക്‌സ്പ്രസ് ലൈറ്റ് നിരക്കുകളിൽ യാത്ര ചെയ്യുന്നവർക്ക് സൗജന്യ ക്യാബിൻ ബാഗേജിന് പുറമെ അധിക ചെക്ക് ഇൻ ലഗേജ് ഉണ്ടെങ്കിൽ ആഭ്യന്തര യാത്രകളിൽ 15 കിലോ ചെക്ക് ഇൻ ബാഗേജിന് 1500 രൂപയും അന്താരാഷ്ട്ര വിമാനങ്ങളിൽ 20 കിലോയ്ക്ക് 2500 രൂപയും മാത്രം നൽകിയാൽ മതി. എയർ ഇന്ത്യ എക്സ്പ്രസിന് ഇന്ത്യയിൽ 45 സ്ഥലങ്ങളിലേക്കും ഗൾഫ് ഉൾപ്പടെ 17 അന്താരാഷ്ട്ര സ്ഥലങ്ങളിലേക്കുമായി പ്രതിദിനം 500ലധികം വിമാന സർവീസുകളുണ്ട്.

ശനിയാഴ്ച ഹൈദരാബാദിൽ പൂർത്തിയായ വിംഗ്സ് ഇന്ത്യ ഏവിയേഷൻ ഫെസ്റ്റിവലിൽ കേന്ദ്ര വ്യോമയാന മന്ത്രാലയം എയർ ഇന്ത്യ എക്സ്പ്രസിനെ മികച്ച ആഭ്യന്തര കണക്ടിവിറ്റിയുള്ള വിമാന കമ്പനിയായി തിരഞ്ഞെടുത്തു. സമയ നിഷ്ഠ, മികച്ച യാത്രാനുഭവം, കൂടുതൽ കണക്ടിവിറ്റി, മെച്ചപ്പെട്ട സേവനങ്ങൾ, ഡിജിറ്റൽ സാങ്കേതിക വിദ്യകളുടെ ഉപയോഗം, നവീകരണം തുടങ്ങിയ മേഖലകളിലെ മികവ് പരിഗണിച്ചായിരുന്നു അവാർഡ്. ഓഫർ കാലയളവിൽ വെബ്‌സൈറ്റിലൂടെ ടിക്കറ്റെടുക്കുന്ന ന്യൂപാസ് അംഗങ്ങൾക്ക് ബിസ് ക്ലാസ് നിരക്കിൽ 25 ശതമാനം കിഴിവ് ലഭിക്കും. ബിസിനസ് ക്ലാസിന് തത്തുല്യമായ ബിസ് വിഭാഗത്തിൽ 58 ഇഞ്ച് വരെ അകലത്തിലാണ് സീറ്റുകൾ ഉള്ളത്. എയർ ഇന്ത്യ എക്‌സ്പ്രസിന്റെ ഫ്ളീറ്റിലേക്ക് അടുത്തിടെ ഉൾപ്പെടുത്തിയ 40ലധികം പുതിയ ബോയിംഗ് 737-8 വിമാനങ്ങളിലും ബിസ് സീറ്റുകളുണ്ട്.

വെബ്സൈറ്റിലൂടെയോ മൊബൈൽ ആപ്പിലൂടെയോ ടിക്കറ്റെടുക്കുന്ന വിദ്യാർഥികൾ, മുതിർന്ന പൗരർ, സായുധ സേനാംഗങ്ങൾ, അവരുടെ ആശ്രിതർ എന്നിവർക്ക് പ്രത്യേക കിഴിവ് ലഭിക്കും. തിരഞ്ഞെടുത്ത വിസ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നവർക്ക് ആഭ്യന്തര, അന്ത്രാരാഷ്ട്ര യാത്രകളിൽ യഥാക്രമം 250, 600 രൂപയുടെ കഴിവും ലഭിക്കും. കൂടാതെ ഇഎംഐ, പേ ലേറ്റർ പോലുള്ള സൗകര്യങ്ങളും വെബ്സൈറ്റിലുണ്ട്.

Tags