എയർ ഇന്ത്യ നിർബന്ധമാക്കിയ മയക്കുമരുന്നു പരിശോധനയിൽ രണ്ട് പൈലറ്റുമാർക്ക് കൂടി പോസിറ്റീവ് ഫലം

Two more Air India pilots undergo drug test; both suspended till final results

ന്യൂഡൽഹി: എയർ ഇന്ത്യ നിർബന്ധമാക്കിയ മയക്കുമരുന്നു പരിശോധനയിൽ രണ്ട് പൈലറ്റുമാർക്ക് കൂടി പോസിറ്റീവ് ഫലം. ഫൂക്കറ്റ്-ഡൽഹി വിമാനം ആകാശച്ചുഴിയിൽപെട്ട അപകടത്തിന് പിന്നാലെ എയർ ഇന്ത്യ എല്ലാ പൈലറ്റുമാരിലും പരിശോധന നിർബന്ധമാക്കിയിരുന്നു. തുടർന്ന് നടത്തിയ പ്രാഥമിക പരിശോധനയിലാണ് ഇരു പൈലറ്റുമാർക്കും പോസിറ്റീവാണെന്ന് സ്ഥീരീകരിച്ചത്. ഇരുവരെയും പൈലറ്റുമാരെയും ചുമതലകളിൽനിന്ന് അടിയന്തരമായി നീക്കി. മൂത്ര സാംപിൾ പരിശോധിച്ചപ്പോഴാണ് ലഹരി ഉപയോഗം കണ്ടെത്തിയത്. അന്തിമ പരിശോധന ഫലം 48 മണിക്കൂറിനകം ലഭ്യമാകുമെന്നാണ് വിവരം.

സംഭവത്തിൽ കേന്ദ്ര വ്യോമയാന മന്ത്രാലയം എയർ ഇന്ത്യയോട് വിശദീകരണം തേടുകയും സർവിസ് സുരക്ഷ ഉറപ്പാക്കാൻ കർശന നടപടികൾ സ്വീകരിക്കണമെന്ന് നിർദേശിക്കുകയും ചെയ്തിട്ടുണ്ട്. അതോടൊപ്പം, ഡ്രഗ് പരിശോധനകൾ വ്യാപിപ്പിക്കാനും ലഹരിമരുന്ന് ഉപയോഗിക്കുന്ന ജീവനക്കാർക്കെതിരെ കടുത്ത ശിക്ഷാനടപടികൾ സ്വീകരിക്കുംവിധം നിലവിലെ നിയമങ്ങൾ പരിഷ്കരിക്കാൻ ഡി.ജി.സി.എയോട് മന്ത്രാലയം ആവശ്യപ്പെട്ടു.

കഴിഞ്ഞ ആഴ്ച ഫൂക്കറ്റിൽനിന്ന് ഡൽഹിയിലേക്ക് വന്ന എയർ ഇന്ത്യ വിമാനം പെട്ടെന്ന് 300 അടിയോളം താഴേക്ക് പതിക്കുകയും 17 യാത്രക്കാർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. തുടർന്ന് നടത്തിയ അന്തിമ പരിശോധനയിൽ വിമാനത്തിന്റെ ക്യാപ്റ്റൻ കഞ്ചാവ് ഉപയോഗിച്ചതായി സ്ഥിരീകരിച്ചിരുന്നു. വ്യക്തിപരമായ പ്രശ്നങ്ങൾ കാരണം ഉറക്ക ഗുളിക കഴിച്ചിരുന്നെന്നും ഇതാണ് പരിശോധനയിൽ പോസിറ്റീവായതെന്നുമാണ് പൈലറ്റ് അന്വേഷണ സംഘത്തിന് നൽകിയ വിശദീകരണം. എന്നാൽ വിമാനത്തിനുള്ളിൽ ഇയാളുടെ പെരുമാറ്റത്തിൽ ക്രൂ അംഗങ്ങൾ പരാതി നൽകിയിരുന്നു.

ഈ സംഭവത്തിന് പിന്നാലെയാണ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ നിർദേശിച്ച റാൻഡം പരിശോധനകൾക്കും അപ്പുറം സ്വന്തം നിലയിൽ ജീവനക്കാർക്കായി മയക്കുമരുന്ന് പരിശോധന എയർ ഇന്ത്യ കർശനമാക്കിയത്. ഇതുവരെ മുപ്പതിലധികം പൈലറ്റുമാരെ പരിശോധനയ്ക്ക് വിധേയരാക്കിയിട്ടുണ്ട്. അതിലെ രണ്ട് പൈലറ്റുമാർക്കാണ് ഫലം പോസിറ്റീവായത്. 

Tags