എയർ ഇന്ത്യ സി.ഇ.ഒ കാംബെൽ വിൽസൺ രാജിവെച്ചു

Air India CEO Campbell Wilson resigns

 ന്യൂഡൽഹി : ടാറ്റ ഗ്രൂപ്പിന്റെ കീഴിലുള്ള എയർ ഇന്ത്യയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (സി.ഇ.ഒ) കാംബെൽ വിൽസൺ രാജി സമർപ്പിച്ചു. വിൽസന്റെ അഞ്ചു വർഷത്തെ കരാർ അടുത്ത വർഷം സെപ്റ്റംബറിൽ അവസാനിക്കാനിരിക്കെയാണ് കാലാവധിക്ക് ഒരു വർഷം മുമ്പ് തന്നെ അദ്ദേഹം സ്ഥാനമൊഴിയുന്നത്. പുതിയ സി.ഇ.ഒയെ കണ്ടെത്തുന്നത് വരെ (ഏകദേശം സെപ്റ്റംബർ വരെ) അദ്ദേഹം സ്ഥാനത്ത് തുടരുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

എയർ ഇന്ത്യ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വെല്ലുവിളികൾ നേരിടുന്ന സമയത്താണ് കാംബെൽ വിൽസന്റെ നേതൃമാറ്റം സംഭവിക്കുന്നത്. 2025 ജൂൺ 12ന് അഹമ്മദാബാദിൽ ബോയിങ് ഡ്രീംലൈനർ (AI 171) തകർന്ന് 241 പേർ മരിച്ച സംഭവത്തിന്റെ ആഘാതത്തിലാണ് ഇപ്പോഴും എയർ ഇന്ത്യ. ഈ അപകടത്തിന്റെ അന്തിമ അന്വേഷണ റിപ്പോർട്ട് വരാനിരിക്കെയാണ് കാംബെൽ രാജി സമർപ്പിച്ചിരിക്കുന്നത്.

രാജ്യത്തെ മുൻനിര വിമാന കമ്പനിയായ എയർ ഇന്ത്യ, 2026 സാമ്പത്തിക വർഷത്തിൽ 20,000 കോടി രൂപയുടെ നഷ്ട്ടം നേരിടുന്നതായാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. കൂടാതെ പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങൾ കാരണം വിമാന ഇന്ധനങ്ങളുടെ വില വർധനവും വിമാനങ്ങൾ വഴിതിരിച്ചുവിടേണ്ടി വരുന്നത് ഇന്ധനച്ചെലവ് വൻതോതിൽ വർധിപ്പിക്കുന്നതിനും കാരണമായിട്ടുണ്ട്. അതേസമയം പുതിയ സി.ഇ.ഒയെ കണ്ടെത്താനുള്ള ശ്രമങ്ങൾ ജനുവരിയിൽ തന്നെ എയർ ഇന്ത്യ ആരംഭിച്ചിരുന്നു. പ്രമുഖ വിമാന കമ്പനികളുടെ നേതൃത്വത്തിൽ പ്രധാന സ്ഥാനങ്ങൾ വഹിച്ച പരിചയസമ്പന്നരായ വ്യക്തികളെയാണ് തൽസ്ഥാനത്തേക്ക് പരിഗണിക്കുന്നത്.

എയർ ഇന്ത്യക്ക് പുറമെ ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോയിലും (IndiGo) ഈ വർഷം നേതൃമാറ്റമുണ്ടായി. പീറ്റർ എൽബേഴ്സ് രാജി സമർപ്പിച്ചിരുന്നതിനെ തുടർന്ന് വില്യം വാൽഷ് ഇൻഡിഗോയുടെ പുതിയ തലവനായി ചുമതലയേറ്റിരുന്നു. ഇതുകൂടാതെ എയർ ഇന്ത്യ എക്സ്പ്രസ് മാനേജിങ് ഡയറക്ടർ (എം.ഡി) അലോക് സിങ്ങിന്റെ കാലാവധിയും കഴിഞ്ഞ മാസം അവസാനിച്ചിരുന്നു.

Tags