ലോക് കല്യാൺ മാർഗിലെ 39.5 ഏക്കർ ഭൂമി വ്യോമസേന കേന്ദ്ര സർക്കാരിന് കൈമാറി
ന്യൂഡൽഹി: ഡൽഹിയിലെ പ്രധാന കേന്ദ്രമായ ലോക് കല്യാൺ മാർഗിൽ സ്ഥിതി ചെയ്യുന്ന 39.5 ഏക്കർ ഭൂമി ഇന്ത്യൻ വ്യോമസേന (IAF) കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയത്തിന് കൈമാറി. കായിക സമുച്ചയം, നീന്തൽക്കുളം ഉൾപ്പെടെയുള്ള വിവിധ സൗകര്യങ്ങൾ സ്ഥിതി ചെയ്യുന്ന ഭൂമിയാണിത്. ഭൂമി തിരിച്ചുനൽകണമെന്ന് ആവശ്യപ്പെട്ട് മന്ത്രാലയത്തിന് കീഴിലുള്ള ലാൻഡ് ആൻഡ് ഡെവലപ്‌മെന്റ് ഓഫീസ് (L&DO) നോട്ടീസ് നൽകിയതിന് പിന്നാലെയാണ് നടപടി.
തുടർന്ന് ഭൂമിയുടെ കൃത്യമായ അതിർത്തികൾ നിർണയിക്കാൻ പ്രതിരോധ എസ്റ്റേറ്റ് ഓഫീസിലെയും എൽ ആൻഡ് ഡി ഒയിലെയും ഉദ്യോഗസ്ഥർ സംയുക്ത പരിശോധന നടത്തും. എന്നാൽ ഭൂമി തിരിച്ചുപിടിച്ചതിന്റെ കൃത്യമായ ഉദ്ദേശ്യം സംബന്ധിച്ച് ഔദ്യോഗിക വിശദീകരണങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. ഡൽഹി റേസ് ക്ലബ്ബിനും ജയ്പൂർ പോളോ ഗ്രൗണ്ടിനും സമീപമുള്ള ഈ പ്രദേശങ്ങളിൽ നിന്ന് ഭൂമി തിരിച്ചുപിടിക്കാനുള്ള നടപടികൾ മന്ത്രാലയം നേരത്തെ തന്നെ ആരംഭിച്ചിരുന്നു.
ലോക് കല്യാൺ മാർഗിന് സമീപമുള്ള പ്രധാന ഭൂമികൾ തിരിച്ചുപിടിക്കുന്നതിനുള്ള നടപടികൾ കഴിഞ്ഞ ഏതാനും മാസങ്ങളായി കേന്ദ്ര സർക്കാർ വേഗത്തിലാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി 53 ഏക്കറിൽ പ്രവർത്തിച്ചിരുന്ന ഡൽഹി റേസ് ക്ലബ്ബിനെ പൊതുആവശ്യം ചൂണ്ടിക്കാട്ടി കഴിഞ്ഞ ഓഗസ്റ്റിൽ ഒഴിപ്പിച്ചിരുന്നു. ഇന്ത്യ പോളോ അസോസിയേഷന്റെ കൈവശമുണ്ടായിരുന്ന ജയ്പൂർ പോളോ ഗ്രൗണ്ടും ഇതേരീതിയിൽ തിരിച്ചുപിടിച്ചു. കൂടാതെ 27 ഏക്കറിൽ പ്രവർത്തിക്കുന്ന ഡൽഹി ജിംഖാന ക്ലബ്ബിനെ ഒഴിപ്പിക്കാനുള്ള നടപടികളും മന്ത്രാലയം തുടരുകയാണ്. പ്രതിരോധ അടിസ്ഥാന സൗകര്യ വികസനത്തിനാണ് ഭൂമി ആവശ്യമെന്നാണ് അധികൃതരുടെ വിശദീകരണം. വിഷയം നിലവിൽ കോടതിയുടെ പരിഗണനയിലുമാണ്.
.jpg)

