ഹരിയാനയിൽ ഇന്ത്യൻ വ്യോമസേനയുടെ യുദ്ധ വിമാനം തകർന്ന് അപകടം ; പൈലറ്റ് സുരക്ഷിതനെന്ന് അധികൃതർ


ഹരിയാന: ഹരിയാനയിലെ പഞ്ച്കുളയിൽ ഇന്ത്യൻ വ്യോമസേനയുടെ യുദ്ധ വിമാനം തകർന്ന് വീണ് അപകടം. പൈലറ്റ് സുരക്ഷിതനാണെന്ന് വ്യോമസേന അധികൃതർ അറിയിച്ചു. വൈദ്യ പരിശോധനയ്ക്കായി പൈലറ്റിനെ ആശുപ്രത്രിയിലേക്ക് മാറ്റിയതായും അറിയിച്ചു.
അംബാല വ്യോമത്താവളത്തിൽ പരീക്ഷണ പറക്കലിനിടെയാണ് അപകടം ഉണ്ടായതെന്നാണ് എൻ.ഐ.എ റിപ്പോർട്ട്. അപകടം മുൻകൂട്ടികണ്ട പൈലറ്റ് ജനവാസ മേഖലയിൽ വീഴാതെ സുരക്ഷിതമായ ഇടത്തിലേക്ക് വിമാനം പറത്തിയതു കൊണ്ട് വലിയ ദുരന്തം ഒഴിവായി. അപകടത്തിൻറെ കാരണം കണ്ടെത്താൻ അന്വേഷണത്തിന് ഉത്തരവിട്ടതായി വ്യോമസേന അറിയിച്ചു.
കഴിഞ്ഞ മാസം, മധ്യപ്രദേശിലെ ശിവപുരിക്ക് സമീപം പതിവ് പരിശീലന പറക്കലിനിടെ ഇരട്ട സീറ്റുള്ള മിറാഷ് 2000 യുദ്ധവിമാനം തകർന്നുവീണിരുന്നു. അപകടത്തിന് മുമ്പ് രണ്ട് പൈലറ്റുമാരും സുരക്ഷിതമായി പുറത്തേക്ക് ചാടുകയായിരുന്നു.
2024 നവംബറിൽ, ഉത്തർപ്രദേശിലെ ആഗ്രയ്ക്ക് സമീപമുള്ള ഒരു മിഗ്-29 യുദ്ധവിമാനം സാങ്കേതിക തകരാർ മൂലം പതിവ് പരിശീലന പറക്കലിനിടെ വയലിലേക്ക് തകർന്നുവീണു. അപകടസമയത്ത് പൈലറ്റ് സ്വയം രക്ഷപ്പെട്ട് പുറത്തേക്ക് ചാടി. പഞ്ചാബിലെ ആദംപൂരിൽ നിന്ന് പറന്നുയർന്ന് ആഗ്രയിലേക്ക് വ്യായാമത്തിനായി പോകുമ്പോഴാണ് വിമാനം അപകടത്തിൽപ്പെട്ടത്.