വിമാനയാത്രാ നിരക്ക് വർധന: മറുപടി നൽകാൻ കേന്ദ്രത്തിന് നാലാഴ്ചത്തെ സമയം

flight

ന്യൂഡൽഹി: വിമാനയാത്രാ നിരക്കിലെ അനിയന്ത്രിതമായ വർധനവ് നിയന്ത്രിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ മറുപടി നൽകാൻ കേന്ദ്ര സർക്കാരിന് നാലാഴ്ചത്തെ സമയം അനുവദിച്ച് സുപ്രീംകോടതി. രാജ്യത്ത് നിലവിൽ ഇതിലും വലിയ പ്രശ്നങ്ങൾ സർക്കാർ കൈകാര്യം ചെയ്യുന്നുണ്ടെന്ന് നിരീക്ഷിച്ചാണ് ബെഞ്ച് സമയം നീട്ടി നൽകിയത്.

പശ്ചിമേഷ്യയിലെ ഇറാൻ-ഇസ്രയേൽ സംഘർഷം ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സാഹചര്യങ്ങൾ വിമാന സർവീസുകളെയും ഇന്ധനവിലയെയും ബാധിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് കോടതിയുടെ ഈ പരാമർശം. ഉത്സവ സീസണുകളിലും അടിയന്തര സാഹചര്യങ്ങളിലും വിമാനക്കമ്പനികൾ ഈടാക്കുന്ന അമിത ചാർജ് നിയന്ത്രിക്കാൻ മാർഗനിർദ്ദേശങ്ങൾ വേണം.

ടിക്കറ്റ് നിരക്ക് നിശ്ചയിക്കുന്നതിലെ അവ്യക്തത നീക്കുകയും യാത്രികർക്ക് താങ്ങാനാവുന്ന നിരക്ക് ഉറപ്പാക്കുകയും ചെയ്യണം. സൗജന്യമായി അനുവദിച്ചിരുന്ന ബാഗേജ് പരിധി വെട്ടിക്കുറച്ച വിമാനക്കമ്പനികളുടെ നടപടി പുനഃപരിശോധിക്കണം. വിമാനയാത്രാ നിരക്കിലെ ചാഞ്ചാട്ടം വളരെ ഗൗരവകരമായ വിഷയമാണെന്ന് കോടതി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

സാധാരണക്കാർക്ക് വിമാനയാത്ര അപ്രാപ്യമാകുന്ന രീതിയിലുള്ള ചൂഷണം അനുവദിക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു. സിവിൽ ഏവിയേഷൻ മന്ത്രാലയം വിഷയം അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും ഉന്നതതല ചർച്ചകൾ പുരോഗമിക്കുകയാണെന്നും കേന്ദ്രത്തിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു.

Tags