ഇന്ത്യ സഖ്യത്തിന്റെ റാലിയിലെ ആൾക്കൂട്ട ചിത്രം എഐ നിർമിതം: പരിഹാസവുമായി കിരൺ റിജിജു

AI-generated crowd picture at India Alliance rally: Kiren Rijiju mocks

ന്യൂഡൽഹി: ഡൽഹി രാംലീല മൈതാനിയിൽ ഇന്ത്യ സഖ്യം സംഘടിപ്പിച്ച റാലിയിൽ ജനപങ്കാളിത്തം കൂടുതലാണെന്ന് കാണിക്കാൻ കോൺഗ്രസ് നേതാക്കൾ വ്യാജ എഐ (കൃത്രിമബുദ്ധി) ചിത്രം പ്രചരിപ്പിച്ചെന്ന ആരോപണവുമായി കേന്ദ്രമന്ത്രി കിരൺ റിജിജു. തെലങ്കാനയിൽ നിന്നുള്ള ഒരു കോൺഗ്രസ് എംപി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രം ചൂണ്ടിക്കാട്ടിയാണ് റിജിജു എക്സിലൂടെ (ട്വിറ്റർ) പരിഹാസവുമായി രംഗത്തെത്തിയത്.

"രാംലീല മൈതാനം നിറഞ്ഞുകവിഞ്ഞുവെന്ന് കാണിക്കാൻ ഉണ്ടാക്കിയ വ്യാജ എഐ ചിത്രം പോലും കൃത്യമായി ചെയ്യാൻ കോൺഗ്രസിന്റെ വ്യാജ പ്രചാരണ സംഘത്തിന് കഴിഞ്ഞില്ല" എന്ന് റിജിജു കുറിച്ചു. റാലി നടന്ന വേദിയുടെയും രാഹുൽ ഗാന്ധി, സോണിയ ഗാന്ധി തുടങ്ങിയ മുതിർന്ന നേതാക്കളുടെയും യഥാർത്ഥ ചിത്രങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഈ എഐ നിർമിത ചിത്രത്തിന് വലിയ വ്യത്യാസങ്ങളുണ്ടെന്ന് സോഷ്യൽ മീഡിയയിൽ നിരവധി പേർ ആരോപിക്കുന്നുണ്ട്.

അതേസമയം, പ്രതിപക്ഷത്തിന്റെ പ്രതിഷേധ റാലി പൂർണ്ണ പരാജയമായിരുന്നുവെന്ന് ബിജെപി പ്രതികരിച്ചു. 10 ലക്ഷം ആളുകൾ പങ്കെക്കുമെന്ന് കോൺഗ്രസ് അവകാശപ്പെട്ടിരുന്നെങ്കിലും മൈതാനത്തിന്റെ 40 ശതമാനത്തോളം ഭാഗവും വിജനമായിരുന്നുവെന്നും, ആയിരക്കണക്കിന് കസേരകൾ ഒഴിച്ചിട്ടിരിക്കുകയായിരുന്നുവെന്നും ബിജെപി വക്താവ് സംബിത് പാത്ര ആരോപിച്ചു. എന്നാൽ ഈ ആരോപണങ്ങൾ തള്ളിക്കളഞ്ഞ പ്രതിപക്ഷ നേതാക്കൾ, റാലി വൻ വിജയമായിരുന്നുവെന്ന് വ്യക്തമാക്കി. ജനപങ്കാളിത്തം കണ്ടുള്ള നിരാശ കൊണ്ടാണ് ബിജെപി ഇത്തരം പ്രചാരണങ്ങൾ നടത്തുന്നതെന്നും, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുന്നുവെന്നും അഭിഷേക് മനു സിംഗ്വിയും ശശി തരൂരും പ്രതികരിച്ചു.

Tags