കര്‍ണാടകയില്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് എഐ പഠനം; ആറാം ക്ലാസ് മുതല്‍ കോഡിങ് പഠിക്കാം
യുവാക്കള്‍ക്കും തൊഴില്‍ മേഖലയ്ക്കും മുന്‍ഗണന നല്‍കുന്നതിന്റെ ഭാഗമായി ആറ് മാസത്തിനുള്ളില്‍ ഏകദേശം 72,000 സര്‍ക്കാര്‍ ഒഴിവുകള്‍ നികത്തുമെന്ന് ശിവകുമാര്‍ പറഞ്ഞു.
കര്‍ണാടകയിലെ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിദ്യാഭ്യാസം നല്‍കുന്നതിനായി എഐ അക്ഷര അഭിയാന്, കോഡിംഗ് ഗുരുകുല പദ്ധതികള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി ഡി കെ ശിവകുമാര്‍. ബെംഗളൂരുവിലെ ഫീല്‍ഡ് മാര്‍ഷല്‍ സാം മനേക്ഷാ പരേഡ് ഗ്രൗണ്ടില്‍ നടന്ന സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് ശിവകുമാര്‍ പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചത്. ആറാം ക്ലാസ് മുതല്‍ എല്ലാ സ്കൂളുകളിലും എഐ വിദ്യാഭ്യാസം അവതരിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ ആദ്യത്തെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സര്‍വകലാശാല ബെംഗളൂരുവില്‍ സ്ഥാപിക്കാനുള്ള പദ്ധതിയും സര്‍ക്കാര്‍ പരിഗണിക്കുന്നതായി മുഖ്യമന്ത്രി അറിയിച്ചു.
യുവാക്കള്‍ക്കും തൊഴില്‍ മേഖലയ്ക്കും മുന്‍ഗണന നല്‍കുന്നതിന്റെ ഭാഗമായി ആറ് മാസത്തിനുള്ളില്‍ ഏകദേശം 72,000 സര്‍ക്കാര്‍ ഒഴിവുകള്‍ നികത്തുമെന്ന് ശിവകുമാര്‍ പറഞ്ഞു. സ്വകാര്യ മേഖലയിലെ ജോലി അന്വേഷിക്കുന്നവര്‍ക്കായി ഉദ്യോഗ സേതു പദ്ധതി ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന വ്യവസായങ്ങള്‍ക്ക് ഓരോ തൊഴിലിനും പ്രതിമാസം ഏകദേശം 2,500 രൂപ വീതം രണ്ട് വര്‍ഷത്തേക്ക് പ്രോത്സാഹനമായി നല്‍കും. ഇതിലൂടെ ഒരു ലക്ഷം തൊഴിലവസരങ്ങള്‍ വരെ പ്രയോജനപ്പെടുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.
ഗ്രാമീണ മേഖലകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് മെഡിസിന്, എന്‍ജിനീയറിങ് ഉള്‍പ്പെടെയുള്ള പ്രൊഫഷണല്‍ ഉന്നത വിദ്യാഭ്യാസ പ്രവേശനത്തില്‍ 7.5 ശതമാനം സംവരണം നല്‍കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. കര്‍ണാടകയുടെ സമ്പദ്വ്യവസ്ഥയെ 2047ഓടെ 3 ട്രില്യണ്‍ യുഎസ് ഡോളറിലേക്ക് ഉയര്‍ത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഓരോ കുടുംബത്തിനും സുരക്ഷ, ഓരോ പൗരനും അന്തസ്സ്, യുവാക്കള്‍ക്ക് അവസരങ്ങള്‍ എന്നതാണ് സര്‍ക്കാരിന്റെ അടിസ്ഥാന തത്വമെന്നും ശിവകുമാര്‍ വ്യക്തമാക്കി.
.jpg)

