ഗിറ്റാര്‍ കണ്ട് പിന്‍സീറ്റ് യാത്രക്കാരനാണെന്ന് തെറ്റിദ്ധരിച്ച് എഐ ക്യാമറ; ഹെല്‍മറ്റ് ഇല്ലാത്തതിന് 500 രൂപ പിഴ

helmet

ബെംഗളൂരുവില്‍ ഇക്കഴിഞ്ഞ ദിവസമാണ് ഗതാഗത നിയമലംഘനങ്ങള്‍ കണ്ടുപിടിക്കാന്‍ സ്ഥാപിച്ച എഐ ക്യാമറയ്ക്ക് അമളി പറ്റിയത്.

സ്‌കൂട്ടര്‍ യാത്രക്കാരന്റെ തോളിലുണ്ടായിരുന്ന ഗിറ്റാര്‍ ബാഗ് കണ്ട് പിന്‍സീറ്റ് യാത്രക്കാരനാണെന്ന് തെറ്റിദ്ധരിച്ച് പിഴയിട്ട് എഐ ക്യാമറ. സ്‌കൂട്ടര്‍ യാത്രക്കാരന്റെ തോളില്‍ കിടന്ന ഗിറ്റാര്‍ ബാഗ് എഐ ക്യാമറയുടെ കണ്ണില്‍ പെട്ടതോടെ പിന്‍സീറ്റ് യാത്രക്കാരനാണെന്ന് തെറ്റിദ്ധരിച്ചു ഹെല്‍മറ്റില്ലാത്തതിന് 500 രൂപ ആണ് പിഴ ചുമത്തിയത്. ബെംഗളൂരുവില്‍ ഇക്കഴിഞ്ഞ ദിവസമാണ് ഗതാഗത നിയമലംഘനങ്ങള്‍ കണ്ടുപിടിക്കാന്‍ സ്ഥാപിച്ച എഐ ക്യാമറയ്ക്ക് അമളി പറ്റിയത്.


ഹെബ്ബാളില്‍ നിന്ന് ടിന്‍ ഫാക്ടറി ഭാഗത്തേക്ക് പോകുകയായിരുന്ന സ്‌കൂട്ടര്‍ യാത്രക്കാരനായ സൗവിക് ദത്തയ്‌ക്കെതിരെ ആണ് എഐ ക്യാമറ അബദ്ധത്തില്‍ പിഴ ചുമത്തിയത്. പിന്‍സീറ്റ് യാത്രക്കാരന്‍ ഹെല്‍മറ്റ് ധരിക്കാതെ നിയമലംഘനം നടത്തിയെന്ന് ആരോപിച്ച് 500 രൂപയുടെ ഇ - ചലാന്‍ ലഭിച്ചപ്പോഴാണ് യാത്രക്കാരന്‍ സംഭവമറിയുന്നത്. സ്‌കൂട്ടര്‍ ഭാര്യയുടെ പേരിലായതിനാല്‍ ഭാര്യയ്ക്കാണ് ചലാന്‍ ലഭിച്ചത്. പിഴ കണ്ട് അമ്പരന്ന സൗവിക് ദത്ത, ചലാനിലെ ചിത്രം സൂക്ഷിച്ചു നോക്കിയപ്പോഴാണ് തന്റെ തോളില്‍ തൂക്കിയിരുന്ന ഗിറ്റാര്‍ ബാഗ് കണ്ടാണ് എഐ ക്യാമറ പിന്‍സീറ്റ് യാത്രക്കാരനാണെന്ന് തെറ്റിദ്ധരിച്ചതെന്ന് മനസ്സിലാക്കിയത്.

സംഭവം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതോടെ വലിയ ശ്രദ്ധനേടി. ബെംഗളൂരു ട്രാഫിക് പൊലീസിനെ ടാഗ് ചെയ്തായിരുന്നു സൗവിക് ദത്തയുടെ പോസ്റ്റ്. ഉടന്‍തന്നെ ഇടപെട്ട ബെംഗളൂരു ട്രാഫിക് പൊലീസ് പിഴ ഒഴിവാക്കി നല്‍കുമെന്ന് അറിയിച്ചു.

Tags