അഹ്മദാബാദിൽ മകൻറെ ഭാര്യവീട്ടുകാരുടെ മർദനമേറ്റ് 52 കാരൻ മരിച്ചു

crime

 അഹ്മദാബാദ്: അഹ്മദാബാദിൽ കുടുംബതർക്കത്തെത്തുടർന്ന് മധ‍്യവയസ്കൻ കൊല്ലപ്പെട്ടു. നട്ടുഭായ് പാർമർ52 എന്നയാളാണ് കൊല്ലപ്പെട്ടത്. മെയ് രണ്ടിനാണ് ഇയാൾ ആക്രമിക്കപ്പെട്ടത്. ഇരുമ്പ് വടികളുപയോഗിച്ച് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. മാരകമായി പരിക്കേറ്റ നട്ടുഭായ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. 

കേസിൽ മരുമകളുടെ ബന്ധുക്കളായ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞത്. കൊലപാതകത്തിന് പിന്നിൽ ദീർഘകാലമായുള്ള കുടുംബതർക്കമാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. കൊല്ലപ്പെട്ട നട്ടുഭായിയുടെ മരുമകളുടെ ബന്ധുക്കളായ ഹസ്മുഖ് വഗേല, കാന്തി വാന, ഭാവേഷ് പാർമർ എന്നിവരാണ് പിടിയിലായത്. രാജസ്ഥാനിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ബനസ്കന്തയിൽ വെച്ചാണ് ഇവരെ പിടികൂടിയത്. കേസിൽ ഉൾപ്പെട്ട കേതൻ എന്ന മറ്റൊരാൾ കൂടി ഒളിവിലാണ്.

നട്ടുഭായിയുടെ മകൻ കൗശിക് പാർമർ അഞ്ച് വർഷം മുമ്പ് പ്രണയിച്ച് വിവാഹം കഴിച്ചതാണ്. ദമ്പതികൾക്കിടയിലുണ്ടായ തർക്കത്തെതുടർന്ന് യുവതി സ്വന്തം വീട്ടിലേക്ക് മാറി താമസിക്കുകയായിരുന്നു. ഏപ്രിൽ അവസാന വാരത്തിൽ ഇരു കുടുംബങ്ങളും തമ്മിൽ നടന്ന ചർച്ചകളും വാക്കുതർക്കങ്ങളും സ്ഥിതിഗതികൾ വഷളാക്കി. ഏപ്രിൽ രണ്ടിന് മരുമകളുടെ വീട്ടുകാർ നട്ടുഭായിയുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതായും പറയപ്പെടുന്നു. കൗഷിക്കിന്റെ ഭാര്യയുടെ അമ്മാവനായ ഹസ്മുഖ് വഗേലയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പൊലീസിൻറെ നിഗമനം. സംഭവദിവസം രാത്രി പാലത്തിന് സമീപം വെച്ച് നട്ടുഭായിയെ തടഞ്ഞുനിർത്തി പ്രതികൾ ആക്രമിക്കുകയായിരുന്നു. കൃത്യത്തിന് ശേഷം ഇവർ ബൈക്കുകളിൽ രക്ഷപ്പെട്ടു.

അഹമ്മദാബാദ് ക്രൈംബ്രാഞ്ചും ആനന്ദ്‌നഗർ പൊലീസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് പ്രതികൾ വലയിലായത്. ഒളിവിൽ കഴിഞ്ഞിരുന്ന സമയത്ത് ഇവർ വിവിധ ക്ഷേത്രങ്ങളിലും ചെറുകിട ഗസ്റ്റ് ഹൗസുകളിലുമായിരുന്നു അഭയം തേടിയിരുന്നത്. അറസ്റ്റിലായവരെ ചോദ്യം ചെയ്തു വരികയാണ്.

Tags