അഹ്മദാബാദ് എയർ ഇന്ത്യ വിമാനദുരന്തം ; അന്തിമ അന്വേഷണ റിപ്പോർട്ട് അടുത്ത മാസമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

Ahmedabad plane crash: 110 confirmed dead, death toll likely to rise

 അഹ്മദാബാദ്: 260 പേരുടെ ജീവനെടുത്ത അഹ്മദാബാദ് എയർ ഇന്ത്യ വിമാനദുരന്തത്തിൽ അന്തിമ അന്വേഷണ റിപ്പോർട്ട് അടുത്തമാസം പുറത്തുവരുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി റാംമോഹൻ നായിഡു.അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങളുടെ പരാതികളും ആശങ്കകളും പരിഗണിക്കുമെന്നും ദുരന്തവുമായി ബന്ധപ്പെട്ട നഷ്ടപരിഹാര നടപടികൾ ഏകോപിപ്പിക്കാൻ മന്ത്രാലയത്തിൽ പ്രത്യേക സെൽ പ്രവർത്തിക്കുന്നുണ്ടെന്നും മന്ത്രി ഗാന്ധി നഗറിൽ പറഞ്ഞു. ‘‘അന്വേഷണം ഗൗരവത്തോടെ പുരോഗമിക്കുകയാണ്. തകർന്നുവീണ വിമാനത്തിൽ വിദേശ പൗരന്മാരും യാത്ര ചെയ്തിരുന്നതിനാൽ അന്വേഷണ റിപ്പോർട്ട് വിവിധ രാജ്യങ്ങളുടെയും അന്താരാഷ്ട്ര ഏജൻസികളുടെയും സൂക്ഷ്മപരിശോധനക്ക് വിധേയമാകും.

ഏതെങ്കിലും രാജ്യമോ സംഘടനയോ ചോദ്യങ്ങൾ ഉന്നയിക്കാനും സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ അന്വേഷണം ഏറെ സുതാര്യമായി നടത്തേണ്ടതുണ്ട്’’ -നായിഡു പറഞ്ഞു.ഇതിനിടെ, അപകടത്തിന്റെ യഥാർഥ കാരണം വെളിപ്പെടാൻ ബ്ലാക്ക് ബോക്സ് വിവരങ്ങൾ പുറത്തുവിടണമെന്നാവശ്യപ്പെട്ട്, മരിച്ചവരിൽ ഗുജറാത്തിൽനിന്നുള്ളവരുടെ ബന്ധുക്കൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിട്ടുണ്ട്.കഴിഞ്ഞ വർഷം ജൂൺ 12നാണ്, അഹ്മദാബാദിലെ സർദാർ വല്ലഭ്ഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യയുടെ എ.ഐ-171 ബോയിങ് വിമാനം പറന്നുയർന്നതിന് തൊട്ടുപിന്നാലെ വീണുതകർന്നത്.

Tags