അഹമ്മദാബാദ് എയര്‍ ഇന്ത്യ വിമാനാപകടം: അന്വേഷണം അവസാനഘട്ടത്തിലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍
2025 ജൂണ് 12ന് ആയിരുന്നു രാജ്യത്തെ നടുക്കിയ അപകടമുണ്ടായത്
260 പേരുടെ ജീവനെടുത്ത അഹമ്മദാബാദ് എയര്‍ ഇന്ത്യ വിമാനാപകടത്തിന്റെ അന്വേഷണം അവസാനഘട്ടത്തിലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. 2025 ജൂണ് 12ന് ആയിരുന്നു രാജ്യത്തെ നടുക്കിയ അപകടമുണ്ടായത്. അന്വേഷണം അന്തിമഘട്ടത്തിലാണെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വ. മോഹന എന്നിവരടങ്ങിയ ബെഞ്ചിനോട് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അറിയിച്ചു.
മനഃപൂര്‍വ്വം കേസന്വേഷണം നീട്ടേണ്ട കാര്യമില്ലെന്നും അന്താരാഷ്ട്ര പ്രോട്ടോക്കോളുകള്‍ പാലിക്കേണ്ടതിനാല്‍ കേസിന്റെ വാദം രണ്ടോ മൂന്നോ ആഴ്ചത്തേക്ക് നീട്ടിവയ്ക്കണമെന്നും തുഷാര്‍ മേത്ത കോടതിയില്‍ പറഞ്ഞു. കോടതി ഇത് അംഗീകരിക്കുകയും വാദം നീട്ടിവയ്ക്കുകയും ചെയ്തു. കേസിലെ നിഗൂഢത ഇപ്പോഴും നിലനില്‍ക്കുന്നത് വിമാനത്തിന്റെ ഫ്യൂവല്‍-കണ്‍ട്രോള്‍ സ്വിച്ചുകളിലാണ്. ലണ്ടന്‍ ഗാറ്റ്വിക്കിലേക്ക് പുറപ്പെട്ട ബോയിംഗ് 787-8 (AI171) വിമാനം പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കുള്ളില്‍, അതിലെ രണ്ട് എന്‍ജിനുകളുടെയും ഫ്യൂവല്‍-കണ്‍ട്രോള്‍ സ്വിച്ചുകള്‍ റണ്‍ എന്ന നിലയില്‍ നിന്ന് കട്ട്ഓഫ് എന്ന നിലയിലേക്ക് മാറിയെന്നും അതുമൂലം രണ്ട് എന്‍ജിനുകളിലേക്കുമുള്ള ഇന്ധനവിതരണം നിലച്ചുവെന്നുമാണ് 2025 ജൂലൈയിലെ പ്രാഥമിക റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.
.jpg)

