മറ്റൊരാള്‍ക്കൊപ്പം ഒളിച്ചോടിയ ശേഷം ആദ്യ ഭര്‍ത്താവിനെ സ്വത്ത് ആവശ്യപ്പെട്ടെത്തി ; യുവതിയെ ക്രൂരമായി മര്‍ദ്ദിച്ച് വിവസത്രയാക്കി ചെരിപ്പുമാലയണിച്ചു ഗ്രാമത്തിലൂടെ നടത്തി

madhyapradesh

ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

മധ്യപ്രദേശിലെ ഉജ്ജയിനില്‍ സ്വത്തുതര്‍ക്കത്തെ തുടര്‍ന്ന് യുവതിയെ ക്രൂരമായി മര്‍ദിക്കുകയും മുടി മുറിച്ചുമാറ്റി വിവസ്ത്രയാക്കിയ ശേഷം ചെരിപ്പുമാലയണിയിച്ച് ഗ്രാമത്തിലൂടെ നടത്തിക്കുകയും ചെയ്തു. ഉജ്ജയിനിലെ ഝാര്‍ഡ പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള അര്‍നിയ വേന ഗ്രാമത്തില്‍ ജൂണ്‍ 30-നാണ് സംഭവം നടന്നത്. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ 11 പേര്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇതില്‍ മൂന്ന് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒളിവിലുള്ള എട്ട് പേര്‍ക്കായി തിരച്ചില്‍ ശക്തമാക്കി.

പോലീസ് നല്‍കുന്ന വിവരമനുസരിച്ച്, ഇതേ ഗ്രാമത്തില്‍ തന്നെയായിരുന്നു യുവതിയുടെ ആദ്യ വിവാഹം. എന്നാല്‍ പിന്നീട് മറ്റൊരാളുമായി പ്രണയത്തിലായ യുവതി ആദ്യ ഭര്‍ത്താവിനെ ഉപേക്ഷിക്കുകയും, 2023-ല്‍ പുതിയ പങ്കാളിയെ വിവാഹം കഴിച്ച് ഇന്‍ഡോറിലെ ഒരു വാടകവീട്ടില്‍ താമസിക്കുകയുമായിരുന്നു. ഭര്‍ത്താവിന്റെ കുടുംബത്തിന്റെ ഭൂമിയില്‍ വിഹിതം ആവശ്യപ്പെട്ട് യുവതി കുടുംബവീട്ടില്‍ എത്തിയതോടെയാണ് തര്‍ക്കം ഉടലെടുത്തത്.

ജൂണ്‍ 30-ന് രാവിലെ 9:30 ഓടെ മുറിക്കുള്ളിലായിരുന്ന തങ്ങളെ പ്രതികള്‍ വാതില്‍ പൊളിച്ച് അകത്തുകയറി ആക്രമിക്കുകയായിരുന്നു എന്ന് യുവതി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. മുടിയില്‍ പിടിച്ച് വലിച്ച് പുറത്തേക്കിറക്കിയ ശേഷം ക്രൂരമായി മര്‍ദിച്ചു. സംഘത്തിലുണ്ടായിരുന്ന സ്ത്രീകള്‍ ചേര്‍ന്ന് യുവതിയെ പിടിച്ചുവെക്കുകയും മറ്റുള്ളവര്‍ മര്‍ദിക്കുകയുമായിരുന്നു. തുടര്‍ന്ന് വസ്ത്രങ്ങള്‍ കീറിയെറിയുകയും മുടി മുറിച്ചുമാറ്റുകയും ചെയ്ത ശേഷം ചെരിപ്പുമാലയണിയിച്ച് ഗ്രാമത്തിലൂടെ നടത്തിക്കുകയായിരുന്നു. അക്രമം തടയാന്‍ ശ്രമിച്ച യുവതിയുടെ ഭര്‍ത്താവിനും ക്രൂരമായി മര്‍ദനമേറ്റു.

അപമാനിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നും ഇരുവരെയും കൊലപ്പെടുത്തുമെന്നും പ്രതികള്‍ ഭീഷണിപ്പെടുത്തിയതായി യുവതി പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. അക്രമത്തില്‍ യുവതിയുടെ കണ്ണുകള്‍ക്കും തലയ്ക്കും വയറിനും പരിക്കേറ്റിട്ടുണ്ട്. ഭര്‍ത്താവിന്റെ മുഖത്തും നെഞ്ചിലും പരിക്കുകളുണ്ട്. തുടര്‍ന്ന് ദമ്പതികള്‍ വിളിച്ച് വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് പോലീസ് സ്ഥലത്തെത്തിയത്.

Tags