28 ദിവസത്തെ തിരച്ചിൽ; തമിഴ്നാട്ടിൽ രണ്ട് പേരെ കൊലപ്പെടുത്തിയ നരഭോജി കടുവ പിടിയിൽ

After 28 days of search, man-eating tiger that killed two people in Tamil Nadu caught

ഊട്ടി:  28 ദിവസം നീണ്ട തെരച്ചിലിനൊടുവിൽ തമിഴ്നാട്ടിൽ രണ്ട് പേരെ കൊലപ്പെടുത്തിയ നരഭോജി കടുവയെ  പിടികൂടി. നീലഗിരി ജില്ലയിലെ ഗൂഡല്ലൂരിന് സമീപത്തെ സിൽവർ ക്ലൗഡ് എസ്റ്റേറ്റിൽ നിന്നാണ് കടുവയെ വനംവകുപ്പ് പിടികൂടിയത്. കടുവയെ കെണി വച്ചോ മയക്കുവെടി വയ്ക്കുകയോ ചെയ്ത് പിടികൂടാൻ വനംവകുപ്പ് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ നിർദ്ദേശം നൽകിയിരുന്നു. തുടർന്ന് പ്രദേശത്ത് സ്ഥാപിച്ച 13 കൂടുകളിലൊന്നിലാണ് കടുവ കുടുങ്ങിയത്.

ഓഗസ്റ്റിൽ ഓ’വാലി ലോറിസ്റ്റൺ പ്രദേശത്താണ് കടുവ രണ്ട് പേരെ കൊന്നത്. തുടർന്ന് വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. 200ലധികം വനംവകുപ്പ് ജീവനക്കാർ, പരിശീലനം ലഭിച്ച നാല് കുംകി ആനകൾ, മൂന്ന് ഡ്രോണുകൾ, 200ലേറെ ക്യാമറകൾ എന്നിവ ഉപയോഗിച്ചായിരുന്നു തെരച്ചിൽ. പ്രദേശത്ത് മുഴുവൻ സമയവും നിരീക്ഷണം നടത്തുന്നതിനായി വിവിധ സ്ഥലങ്ങളിൽ ക്യാമറകൾ സ്ഥാപിച്ചിരുന്നു. 

കൂട്ടിനുള്ളിൽ ആക്രമണസ്വഭാവം പ്രകടിപ്പിച്ച കടുവയെ ഉടൻ തന്നെ മുതുമലൈ കടുവാ സങ്കേതത്തിലെ തെപ്പക്കാട് ആന ക്യാംപിന് സമീപമുള്ള വെറ്ററിനറി ക്ലിനിക്കിലേക്ക് പരിശോധനയ്ക്കായി മാറ്റി. ആവശ്യമായ ചികിത്സ നൽകിയ ശേഷം കടുവയെ ചെന്നൈയിലെ വണ്ടാലൂരിലുള്ള അരിഗ്നർ അണ്ണാ സുവോളജിക്കൽ പാർക്കിലേക്ക് മാറ്റിയേക്കും.

Tags