നടി ഷക്കീലക്ക് ശസ്ത്രക്രിയ; തുടര്‍ച്ചയായ മൊബൈല്‍ ഉപയോഗത്തില്‍ കഴുത്തിലെ ഞരമ്പുകള്‍ക്ക് പരിക്ക്

shakeela

ഏകദേശം മൂന്ന് ലക്ഷം രൂപയോളം ശസ്ത്രക്രിയയ്ക്കായി ചിലവായതായി ഷക്കീല പറഞ്ഞു

മണിക്കൂറുകളോളം മൊബൈല്‍ ഫോണില്‍ ഗെയിം കളിച്ചതിനെ തുടര്‍ന്ന് കഴുത്തിലെ ഞരമ്പുകള്‍ക്ക് ഗുരുതരമായി പരിക്കേറ്റ് ശസ്ത്രക്രിയയ്ക്ക് വിധേയയായി നടി ഷക്കീല. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. ചികിത്സയ്ക്ക് ശേഷം വീട്ടില്‍ തിരിച്ചെത്തിയ നടി തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് ആരോഗ്യസ്ഥിതിയെക്കുറിച്ചും നേരിട്ട പ്രയാസങ്ങളെക്കുറിച്ചും വ്യക്തമാക്കിയത്.


ഏകദേശം മൂന്ന് ലക്ഷം രൂപയോളം ശസ്ത്രക്രിയയ്ക്കായി ചിലവായതായി ഷക്കീല പറഞ്ഞു. കിടക്കയില്‍ ഒരുവശത്തേക്ക് ചരിഞ്ഞുകിടന്ന് തുടര്‍ച്ചയായി നാല് മണിക്കൂറോളം ഗെയിം കളിക്കുന്ന സ്വഭാവം ഉണ്ടായിരുന്നു. ചായ കുടിക്കാന്‍ മാത്രമാണ് എഴുന്നേറ്റിരുന്നത്. അതിനുശേഷം വീണ്ടും ഗെയിമിലേക്കും യൂട്യൂബ്, ഇന്‍സ്റ്റാഗ്രാം റീലുകളിലേക്കും കടക്കും. തെറ്റായ രീതിയിലിരുന്ന് ദീര്‍ഘനേരം ഫോണ്‍ ഉപയോഗിച്ചത് കഴുത്തിലെ പ്രധാന ഞരമ്പുകളെ ബാധിക്കുകയും ഒടുവില്‍ ശസ്ത്രക്രിയയിലേക്ക് നയിക്കുകയുമായിരുന്നുവെന്ന് നടി വെളിപ്പെടുത്തി.
'ഫോണ്‍ അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രം ഉപയോഗിക്കുക. അനാവശ്യ വീഡിയോകള്‍ കണ്ട സമയം കളയരുത്. അല്ലെങ്കില്‍ വലിയ തുക ആശുപത്രി ചെലവിനായി നഷ്ടപ്പെടുന്നതിനൊപ്പം സഹിക്കാനാവാത്ത വേദനയും അനുഭവിക്കേണ്ടി വരും,' നടി ഓര്‍മ്മിപ്പിച്ചു. കുട്ടികള്‍ക്ക് മൊബൈല്‍ ഫോണുകള്‍ നല്‍കരുതെന്ന് മാതാപിതാക്കളോട് ഷക്കീല അഭ്യര്‍ത്ഥിച്ചു. നിലവില്‍ കഴുത്തിന് ബെല്‍റ്റ് ധരിച്ചിരിക്കുന്ന ഷക്കീലയ്ക്ക് എഴുന്നേല്‍ക്കാനും ഭക്ഷണം കഴിക്കാനും മറ്റൊരാളുടെ സഹായം ആവശ്യമാണ്.

Tags