നടൻ അനൂജ് ഠാക്കൂർ അന്തരിച്ചു; അന്ത്യം ഉറക്കത്തിനിടെ അപസ്മാരബാധയെ തുടർന്ന്
മുംബൈ: പ്രമുഖ ടെലിവിഷൻ താരം അനൂജ് ഠാക്കൂർ (33) അന്തരിച്ചു. മുംബൈയിലെ ഓഷിവാരയിലുള്ള വീട്ടിൽ ഉറക്കത്തിനിടെ അപസ്മാരമുണ്ടായതിനെ തുടർന്നാണ് അന്ത്യം. നടന്റെ മരണവിവരം സുഹൃത്തും കാസ്റ്റിങ് ഡയറക്ടറുമായ രൂപേഷ് സോനാറാണ് സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്. മുൻപും അനൂജിന് അപസ്മാര ബാധയുണ്ടായിട്ടുണ്ടെന്നും അതിനായി മരുന്നുകൾ കഴിച്ചുവരികയായിരുന്നുവെന്നും രൂപേഷ് വെളിപ്പെടുത്തി.
സംഭവസമയത്ത് മുറിയിൽ തനിച്ചായിരുന്നതിനാൽ അടിയന്തര വൈദ്യസഹായം ലഭ്യമാക്കാൻ സാധിച്ചിരുന്നില്ല. പതിവായി രാവിലെ 4:30-ന് ഉണരാറുള്ള അനൂജ്, അലാറം അടിച്ചിട്ടും എഴുന്നേൽക്കാതിരുന്നതിനെ തുടർന്ന് അമ്മ മുറിയിലെത്തി പരിശോധിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംസ്‌കാര ചടങ്ങുകൾ ഹരിദ്വാറിൽ നടന്നു.'ധൂം മച്ചാവോ ധൂം', 'ബന്ധൻ സാത് ജന്മോം കാ', 'ബീന്ദ് ബനൂംഗാ ഘോഡി ചഢൂംഗാ', 'മഹിസാഗർ' തുടങ്ങിയ ശ്രദ്ധേയമായ സീരിയലുകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായ നടന്റെ അപ്രതീക്ഷിത വേർപാടിൽ ടെലിവിഷൻ ലോകവും ആരാധകരും അനുശോചനം രേഖപ്പെടുത്തി.
"നീ ഇനി ഞങ്ങളോടൊപ്പമില്ല എന്ന് വിശ്വസിക്കാനാവുന്നില്ല. നീ എനിക്ക് വെറുമൊരു സുഹൃത്തായിരുന്നില്ല, ഒരു അനുജനെപ്പോലെയായിരുന്നു. നിന്റെ തുടക്കകാലത്തെ കഷ്ടപ്പാടുകളും യാത്രയും എനിക്കിന്നും ഓർമയുണ്ട്. നീ ഇത്ര പെട്ടെന്ന് വിടവാങ്ങിയെന്നത് ഹൃദയം തകർക്കുന്ന കാര്യമാണ്. നീ എന്നും ഞങ്ങളുടെ ഓർമയിലുണ്ടാകും, സഹോദരാ," എന്ന് വിയോഗവാർത്ത പങ്കുവെച്ചുകൊണ്ട് രൂപേഷ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
.jpg)

