സൈനിക ടെന്‍ഡറുകള്‍ അനുവദിക്കുന്നതിനും നിലവാരമില്ലാത്ത സാമ്പിളുകള്‍ക്ക് അംഗീകാരം നല്‍കുന്നതിനും പ്രതിഫലമായി 50 ലക്ഷം രൂപ കൈക്കൂലി ; കരസേനാ കേണലിനെ അറസ്റ്റ് ചെയ്ത് സിബിഐ
കാണ്‍പൂര്‍ ആസ്ഥാനമായുള്ള ഒരു സ്വകാര്യ കമ്പനിക്ക് അനധികൃതമായി സഹായങ്ങള്‍ നല്‍കിയതിനാണ് നടപടി.
സൈനിക കരാറുകളുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ കരസേനാ കേണല്‍ അറസ്റ്റില്‍. കൊല്‍ക്കത്ത ആസ്ഥാനമായുള്ള ഈസ്റ്റേണ്‍ കമാന്‍ഡിന് കീഴിലെ ആര്‍മി ഓര്‍ഡനന്‍സ് കോര്‍പ്സിലെ ഉന്നത ഉദ്യോഗസ്ഥനായ കേണല്‍ ഹിമാന്‍ഷു ബാലിനെയാണ് സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സി.ബി.ഐ) അറസ്റ്റ് ചെയ്തത്. സൈനിക ടെന്‍ഡറുകള്‍ അനുവദിക്കുന്നതിനും നിലവാരമില്ലാത്ത സാമ്പിളുകള്‍ക്ക് അംഗീകാരം നല്‍കുന്നതിനും പ്രതിഫലമായി 50 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടു എന്നതാണ് ഇദ്ദേഹത്തിനെതിരെയുള്ള കുറ്റം. കാണ്‍പൂര്‍ ആസ്ഥാനമായുള്ള ഒരു സ്വകാര്യ കമ്പനിക്ക് അനധികൃതമായി സഹായങ്ങള്‍ നല്‍കിയതിനാണ് നടപടി.
ഈസ്റ്റേണ്‍ ഗ്ലോബല്‍ ലിമിറ്റഡ് എന്ന കമ്പനിയുടെ ഡയറക്ടര്‍മാര്‍ കേണലിന് കൈക്കൂലി നല്‍കിയതായി സി.ബി.ഐയുടെ എഫ്.ഐ.ആറില്‍ പറയുന്നു. ഈ വര്‍ഷം ആദ്യം നടന്ന ഒരു പ്രധാന ടെന്‍ഡര്‍ ഈ കമ്പനിക്ക് ലഭിച്ചത് കൈക്കൂലി നല്‍കിയാണെന്നാണ് കേന്ദ്ര ഏജന്‍സിയുടെ കണ്ടെത്തല്‍. ഏപ്രില്‍ 22-ന് കൊല്‍ക്കത്തയിലെ പാര്‍ക്ക് സ്ട്രീറ്റില്‍ വെച്ച് കേണല്‍ കമ്പനി പ്രതിനിധികളെ കണ്ടിരുന്നുവെന്നും, അതിനു രണ്ട് ദിവസത്തിന് ശേഷം കരാര്‍ ഇവര്‍ക്ക് നല്‍കിയെന്നും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
ബാക്കിയുള്ള 50 ലക്ഷം രൂപ ഹവാലാ ഇടപാടിലൂടെ കൈമാറാന്‍ കേണല്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് അറസ്റ്റ് നടന്നത്. കേണലിന് പുറമെ കരാറുകാരെയും മറ്റ് ചിലരെയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഉദ്യോഗസ്ഥന്റെയും കമ്പനിയുടെയും പരിസരങ്ങളില്‍ സി.ബി.ഐ റെയ്ഡ് നടത്തുകയും നിര്‍ണ്ണായക രേഖകള്‍ പിടിച്ചെടുക്കുകയും ചെയ്തു. സംഭവത്തില്‍ കൂടുതല്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടോ എന്ന കാര്യവും അന്വേഷണ ഏജന്‍സി പരിശോധിച്ചുവരികയാണ്.
.jpg)

