വഴിയരികിൽ നിർത്തിയിട്ടിരുന്ന ട്രക്കിൽ കാറിടിച്ച് അപകടം ; ജാർഖണ്ഡ് മന്ത്രിയുടെ മകൾ ഉൾപ്പെട നാല് പേർക്ക് ദാരുണാന്ത്യം
റാഞ്ചി: ജാർഖണ്ഡ് ഗ്രാമവികസന മന്ത്രിയും കോൺഗ്രസ് നേതാവുമായ ദീപിക പാണ്ഡേ സിങ്ങിന്റെ മകൾക്ക് റോഡപകടത്തിൽ ദാരുണാന്ത്യം. ജംഷഡ്പൂരിൽ നടന്ന അപകടത്തിലാണ് മന്ത്രിയുടെ മകൾ തൃഷ സിങ് മരിച്ചത്. അപകടത്തിൽ തൃഷ ഉൾപ്പടെ നാല് പേരാണ് മരിച്ചത്. മറൈൻ ഡ്രൈവിൽ വഴിയരികിൽ നിർത്തിയിട്ടിരുന്ന ട്രക്കിൽ തൃഷ സഞ്ചരിച്ച കാർ വന്നിടിക്കുകയായിരുന്നു.
അപകടത്തിന്റെ ആഘാതത്തിൽ കാർ പൂർണമായും തകർന്ന നിലയിലാണ്. വ്യാഴാഴ്ച പുലർച്ചെ മൂന്നു മണിയോടെയായിരുന്നു സംഭവം. അപകട വിവരം അറിഞ്ഞ് സംഭവസ്ഥലത്തെത്തിയ പൊലീസ് നാലു പേരെയും സമീപത്തുള്ള എംജിഎം ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇവർ മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. സംഭവത്തിൽ മുഖ്യമന്ത്രി ഹേമന്ത് സോറൻ, മന്ത്രി ഇർഫാൻ അൻസാരി തുടങ്ങിയവർ അനുശോചനം അറിയിച്ചിട്ടുണ്ട്.
മന്ത്രി ദീപികയ്ക്കുണ്ടായ നഷ്ടം നികത്താൻ കഴിയാത്തതാണെന്നും ദുഃഖിതരായ കുടുംബാംഗങ്ങൾക്ക് ഈ നഷ്ടം സഹിക്കാനുള്ള ശക്തി ദൈവം നൽകട്ടെയെന്ന് പ്രാർത്ഥിക്കുന്നുവെന്നും മന്ത്രി ഇർഫാൻ അൻസാരി എക്‌സിൽ കുറിച്ചു. അതേസമയം മന്ത്രിയുടെ മകളുടെ അടക്കമുള്ള മരണത്തിൽ ആഴത്തിലുള്ള വേദനയുണ്ടെന്നും വാക്കുകൾക്കൊണ്ട് ഈ നഷ്ടം നികത്താനാവില്ലെന്നും അനുശോചനം അറിയിച്ചു കൊണ്ട് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
.jpg)

