വിമതരെ വെല്ലുവിളിച്ച് അഭിഷേക് ബാനര്‍ജി: 'മമതയുടെ അടുത്തേക്ക് തിരികെ വന്നാല്‍ ഒരു മണിക്കൂറിനുള്ളില്‍ താന്‍ എല്ലാ പദവികളും രാജിവെക്കാന്‍ തയ്യാര്‍'
''വിമത നേതാക്കള്‍ ഇതിനകം ബി.ജെ.പിയുമായി ധാരണയിലെത്തി.''
നിയമസഭാ തിരഞ്ഞെടുപ്പിലെ കടുത്ത പരാജയത്തിന് പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നുള്ള നേതാക്കളുടെ കൂട്ടക്കൊഴിഞ്ഞുപോക്ക് തുടരുന്നതിനിടെ, പാര്‍ട്ടിയിലെ വിമത നേതാക്കളെ വെല്ലുവിളിച്ച് ടി.എം.സി ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജി. മമതാ ബാനര്‍ജിയെ ഉപേക്ഷിച്ച് പോയ വിമതര്‍ വീണ്ടും 'ദീദി'യുടെ അടുത്തേക്ക് തിരികെ വരികയാണെങ്കില്‍, വെറും ഒരു മണിക്കൂറിനകം താന്‍ പാര്‍ട്ടി പദവി രാജിവെക്കാന്‍ തയ്യാറാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഡയമണ്ട് ഹാര്‍ബറില്‍ നിന്നുള്ള ലോക്‌സഭാ എംപിയായ അഭിഷേക് ബാനര്‍ജി കൊല്‍ക്കത്തയില്‍ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് തന്റെ നിലപാട് വ്യക്തമാക്കിയത്. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം തന്റെ മേല്‍ കെട്ടിവെച്ച് പാര്‍ട്ടിയെ ഒറ്റിക്കൊടുത്തവര്‍ ബി.ജെ.പിയുമായി മുന്‍കൂട്ടി ധാരണയിലെത്തിയിട്ടുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.
എന്നാല്‍ വിമത നേതാക്കള്‍ മമതയുടെ അടുത്തേക്ക് തിരികെ വരില്ലെന്നും അദ്ദേഹം ഇതോടൊപ്പം കൂട്ടിച്ചേര്‍ത്തു. വിമത നേതാക്കള്‍ ഇതിനകം ബി.ജെ.പിയുമായി ധാരണയിലെത്തി. കേന്ദ്ര അന്വേഷണ ഏജന്‍സികളായ ഇ.ഡി, സി.ബി.ഐ എന്നിവരില്‍ നിന്ന് സംരക്ഷണം നേടാന്‍ പാര്‍ട്ടി വിടുകയോ വിമത ക്യാമ്പിലോ ബി.ജെ.പിയിലോ ചേരുകയോ ചെയ്യുക, എന്നിട്ട് തന്നെ കുറ്റപ്പെടുത്തുകയുമാണ് വിമതര്‍ ചെയ്യുന്നതെന്നും അദ്ദേഹം പരിഹസിച്ചു. തനിക്കെതിരെ നിരവധി എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടും താന്‍ അന്വേഷണങ്ങളില്‍ നിന്ന് ഒളിച്ചോടിയിട്ടില്ലെന്ന് പറഞ്ഞ അഭിഷേക് ബാനര്‍ജി, തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ ഏജന്‍സികളെ നേരിടാന്‍ വിമതര്‍ തയ്യാറാകണമെന്ന് ആവശ്യപ്പെട്ടു. ദില്ലിയിലിരിക്കുന്ന അധികാരികള്‍ക്ക് മുന്നിലല്ല, ജനാധിപത്യത്തില്‍ ജനങ്ങള്‍ക്ക് മുന്നില്‍ മാത്രമേ താന്‍ തലകുനിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
.jpg)

