വ്യോമസേനയിൽനിന്ന് വിരമിച്ച് അഭിനന്ദൻ വർധമാൻ ; ഇനി സ്വകാര്യ വിമാനക്കമ്പനിയിൽ കൊമേഴ്സ്യൽ പൈലറ്റ്

Abhinandan Varthaman retires from the Air Force; to work as a commercial pilot for a private airline.

 ന്യൂഡൽഹി: ഇന്ത്യൻ അതിർത്തി കടന്നെത്തിയ പാക് വിമാനത്തെ തുരത്തിയ യുദ്ധവിമാന പൈലറ്റ് ഗ്രൂപ്പ് ക്യാപ്റ്റൻ അഭിനന്ദൻ വർധമാൻ ഇനി സ്വകാര്യ വിമാനക്കമ്പനിയിൽ കൊമേഴ്സ്യൽ പൈലറ്റ്. 2019 ഫെബ്രുവരിയിൽ ജമ്മു കശ്മീർ അതിർത്തിയിൽ പാക് വ്യോമാക്രമണം ചെറുക്കുകയും പിന്നീട് പാക് സേനയുടെ പിടിയിലാവുകയും ചെയ്ത യുദ്ധവിമാന പൈലറ്റ് ഗ്രൂപ്പ് ക്യാപ്റ്റനാണ് അഭിനന്ദൻ വർധമാൻ.

22 വർഷത്തെ സൈനിക സേവനത്തിന് ശേഷം അദ്ദേഹം സ്വകാര്യ വിമാനക്കമ്പനിയിൽ കൊമേഴ്സ്യൽ​ പൈലറ്റായി ജോലിയിൽ പ്രവേശിച്ചു. ഫ്ലൈ91 വിമാനക്കമ്പനിയുടെ പൈലറ്റായാണ് അഭിനന്ദൻ പുതിയ കരിയർ ആരംഭിച്ചത്. എടിആർ 72-600 ടർബോപ്രോപ്പ് വിമാനങ്ങളാണ് അദ്ദേഹം പറത്തുക.

2019 ഫെബ്രുവരി 27നാണ് അഭിനന്ദൻ പറത്തിയ മിഗ് 21 ബൈസൺ വിമാനം പാകിസ്താന്റെ എഫ് 16 യുദ്ധവിമാനത്തെ പിന്തുടർന്ന് വെടിവെച്ചിട്ടത്. ദൗത്യത്തിനിടെ പാക് ആക്രമണത്തെത്തുടർന്ന് വിമാനത്തിൽനിന്ന് പാരച്യൂട്ടിൽ ഇറങ്ങിയ അഭിനന്ദൻ പരുക്കുകളോടെ പാക് പിടിയിലായിരുന്നു. മൂന്ന് ദിവസത്തെ തടങ്കലിന് ശേഷം 2019 മാർച്ച് ഒന്നിന് വാഗാ അതിർത്തി വഴി ഇന്ത്യയിലേക്ക് തിരിച്ചെത്തി.

അഭിനന്ദനെ സേനാനിയമങ്ങൾ പ്രകാരം യുദ്ധവിമാന പൈലറ്റ് ദൗത്യത്തിൽനിന്നു ഹ്രസ്വകാലത്തേക്ക് മാറ്റിനിർത്തിയിരുന്നു. മെഡിക്കൽ പരിശോധനകൾ പൂർത്തിയാക്കിയതിന് പിന്നാലെ അതേവർഷം സെപ്റ്റംബറിലാണ് വീണ്ടും പൈലറ്റിന്റെ ചുമതല നൽകിയത്. തടങ്കലിൽ കഴിയുമ്പോൾ ചോദ്യം ചെയ്യലിനിടെ സൈനിക രഹസ്യങ്ങൾ വെളിപ്പെടുത്താതിരുന്നതും അദ്ദേഹത്തിന്റെ പെരുമാറ്റവും ധൈര്യവും വ്യാപകമായി ശ്രദ്ധിക്കപ്പെട്ടിരുന്നു. അദ്ദേഹത്തിന് വീരചക്ര നൽകി രാജ്യം ആദരിച്ചു. 2021 ഡിസംബറിൽ വിങ് കമാൻഡറായിരുന്ന അഭിനന്ദൻ വർധമാന് ഗ്രൂപ്പ് ക്യാപ്റ്റനായി സ്ഥാനക്കയറ്റം നൽകിയിരുന്നു.

Tags