രാജ്യത്ത് മെറ്റയും ഇൻസ്റ്റാഗ്രാമും വ്യാപകമായ സെൻസർഷിപ്പ് ഏർപ്പെടുത്തുകയാണെന്ന് ആരോപിച്ച് ബി.ജെ.പിയെ പരിഹസിച്ച് അഭിജീത് ദിപ്കെ

CJP protests in Kochi demanding resignation of Chief Electoral Officer Gyanesh Kumar; Prakash Raj and Abhijit Deepke to participate

 നാഗ്പൂർ: രാജ്യത്ത് മെറ്റയും ഇൻസ്റ്റാഗ്രാമും വ്യാപകമായ സെൻസർഷിപ്പ് ഏർപ്പെടുത്തുകയാണെന്ന് ആരോപിച്ച് ബി.ജെ.പിയെ പരിഹസിച്ച് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) നേതാവ് അഭിജീത് ദിപ്കെ. ബുധനാഴ്ച നാഗ്പൂരിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം പശ്ചാത്തലത്തിൽ വെച്ചും 'മോദി ചാലീസ' എന്ന ഗാനം കേൾപ്പിച്ചുമായിരുന്നു അഭിജീതിന്‍റെ വേറിട്ട പ്രതിഷേധം.

രാജ്യത്ത് സെൻസർഷിപ്പ് അതിരൂക്ഷമാണെന്നും പ്രധാനമന്ത്രി മോദിയുടെ ചിത്രം ഒഴികെയുള്ള മറ്റെല്ലാ രാഷ്ട്രീയ ഉള്ളടക്കങ്ങളും ഇൻസ്റ്റാഗ്രാമിലും മെറ്റയിലും അടിച്ചമർത്തപ്പെടുകയാണെന്നും ദിപ്കെ ആരോപിച്ചു. ‘ഇക്കാര്യം കണക്കിലെടുത്താണ് ഇൻസ്റ്റാഗ്രാമിനും മെറ്റക്കും വേണ്ടി ഞങ്ങൾ പ്രധാനമന്ത്രിയുടെ ചിത്രവും 'മോദി ചാലീസ'യും ഇവിടെ ഒരുക്കിയിരിക്കുന്നത്’ അഭിജീത് ദിപ്കെ പറഞ്ഞു.

ജനുവരിക്കും ജൂണിനും ഇടയിൽ രാഷ്ട്രീയ ഉള്ളടക്കമുള്ള അഞ്ച് ദശലക്ഷത്തിലധികം (50 ലക്ഷത്തിലധികം) പോസ്റ്റുകളാണ് ഇൻസ്റ്റാഗ്രാമിൽ നിന്ന് നീക്കം ചെയ്തതെന്ന് അഭിജീത് ദിപ്കെ പറയുന്നു. അതിനാൽ, മാധ്യമങ്ങളുമായി സംവദിക്കുമ്പോൾ മോദിജിയുടെ ചിത്രം വെച്ചാൽ ഈ വാർത്താസമ്മേളനം ഇൻസ്റ്റാഗ്രാം നീക്കം ചെയ്യില്ലെന്ന് കരുതിയതായും അഭിജീത് കൂട്ടിച്ചേർത്തു.

‘ആദരണീയനും സമ്മാന്യനും മഹാമാനവനുമായ പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിലാണ് ഞാനും സി.ജെ.പി സഹ-കൺവീനർ അശുതോഷ് രങ്കയും നിങ്ങളെ അഭിസംബോധന ചെയ്യുന്നത്. മോദി ചാലീസ ഓഡിയോ ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തുമോ എന്ന് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് പാട്ട് പാടിയ ഗായകനെതിരെയും, ഈ ഓഡിയോ ഇട്ട ബി.ജെ.പി സോഷ്യൽ മീഡിയ പേജിനെതിരെയും ഉടൻ എഫ്.ഐ.ആർ എടുക്കണം എന്നായിരുന്നു അഭിജിത്തിന്‍റെ മറുപടി.

രാജ്യത്ത് ജനാധിപത്യപരമായ ഉത്തരവാദിത്തം തിരികെ കൊണ്ടുവന്നത് യുവാക്കളായ ജെൻ സി തലമുറയാണെന്ന് ദിപ്കെ പ്രശംസിച്ചു. നീറ്റ് ചോദ്യപേപ്പർ ചോർച്ചക്കെതിരായ പ്രതിഷേധങ്ങൾക്കിടെ അന്നത്തെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കേണ്ടി വന്ന സാഹചര്യം അദ്ദേഹം ഇതിന് ഉദാഹരണമായി ചൂണ്ടിക്കാട്ടി. ‘കഴിഞ്ഞ 12 വർഷമായി ചോദ്യങ്ങൾ ചോദിക്കാൻ രാജ്യം ഭയപ്പെട്ടിരുന്നു. എന്നാൽ ജെൻ സി ജനങ്ങൾക്ക് ധൈര്യവും ശബ്ദവും നൽകി, അതാണ് അവരുടെ ഏറ്റവും വലിയ സംഭാവന’. 

Tags