പഞ്ചാബിൽ ആം ആദ്മിക്ക് തിരിച്ചടി: മുൻ ഐപിഎസ് ഉദ്യോഗസ്ഥനും രണ്ട് എംഎൽഎമാരും ബിജെപിയിൽ ചേർന്നു
ചണ്ഡിഗഢ്: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കിയതിന് തൊട്ടുപിന്നാലെ പഞ്ചാബിൽ ആം ആദ്മി പാർട്ടിക്ക് (എഎപി) കനത്ത തിരിച്ചടി. പാർട്ടിയിൽ നിന്ന് സസ്‌പെൻഷനിലായിരുന്ന എംഎൽഎയും മുൻ ഐപിഎസ് ഉദ്യോഗസ്ഥനുമായ കുൻവർ വിജയ് പ്രതാപ് സിങ് എംഎൽഎ സ്ഥാനം രാജിവെച്ച് ബിജെപിയിൽ ചേർന്നു. ഇദ്ദേഹത്തിന് പുറമെ പാർട്ടിവിരുദ്ധ പ്രവർത്തനങ്ങൾക്ക് നടപടി നേരിട്ട സനൗറിൽ നിന്നുള്ള ഹർമീത് സിങ് പത്താൻമജ്‌റ, സമാനയിൽ നിന്നുള്ള ചേതൻ സിങ് ജോറമജ്‌റ എന്നീ എംഎൽഎമാരും ബിജെപിയിൽ അംഗത്വമെടുത്തു.
2027-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി 40 അംഗ സിറ്റിങ് എംഎൽഎമാരുടെ സ്ഥാനാർത്ഥി പട്ടിക എഎപി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ നീക്കങ്ങൾ നടന്നത്. മുഖ്യമന്ത്രി ഭഗവന്ത് മൻ ധുരി മണ്ഡലത്തിൽ നിന്നും ജയിലിൽ കഴിയുന്ന സഞ്ജീവ് അറോറ ലുധിയാന വെസ്റ്റിൽ നിന്നും വീണ്ടും ജനവിധി തേടുന്നുണ്ട്. തിരഞ്ഞെടുപ്പിന് മാസങ്ങൾക്ക് മുമ്പേ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് പ്രചാരണ രംഗത്ത് മേൽക്കൈ നേടാൻ എഎപി ശ്രമിക്കുന്നതിനിടെയാണ് മുതിർന്ന നേതാക്കളുടെയും എംഎൽഎമാരുടെയും ഈ കൂട്ടരാജി.
.jpg)

