പിണങ്ങിപ്പോയ ഭാര്യയെ മടക്കിക്കൊണ്ടുവരാൻ ആഭിചാരം; സുഹൃത്തിന്റെ തലയറുത്ത് വീട്ടിലെ പൂജാമുറിയില്‍ ഒളിപ്പിച്ച പ്രതി പിടിയില്‍
മൂന്ന് വർഷം മുൻപ് ഉപേക്ഷിച്ചുപോയ ഭാര്യയെ തിരികെ ലഭിക്കുന്നതിനായി നടത്തിയ ആഭിചാരക്രിയയുടെ ഭാഗമായാണ് കൊലപാതകം നടത്തിയതെന്ന് ഇയാള്‍ വെളിപ്പെടുത്തിയത്.
ഒഡിഷ പിണങ്ങിപ്പോയ ഭാര്യയെ തിരികെ ലഭിക്കുമെന്ന അന്ധവിശ്വാസത്തില്‍ യുവാവിനെ ക്രൂരമായി തലയറുത്ത് കൊലപ്പെടുത്തി.ഒഡീഷയിലെ തേബദമുണ്ഡ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കേസില്‍ ബഗഡ സ്വദേശിയായ ശത്രുഘ്ന സാഹു (40) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.
ഓഗസ്റ്റ് 18 മുതല്‍ കാണാതായ തേബദമുണ്ഡ സ്വദേശി സന്തോഷ് ഖർസെലിനെ (45) ഓഗസ്റ്റ് 21-നാണ് ബഗഡയിലെ ഒരു കുളത്തില്‍ തലയില്ലാത്ത നിലയില്‍ കണ്ടെത്തിയത്. അന്വേഷണത്തില്‍, ഇയാളെ അവസാനമായി കണ്ടത് പ്രതിയായ ശത്രുഘ്ന സാഹുവിനൊപ്പമാണെന്ന് പോലീസ് കണ്ടെത്തി. തുടർന്നുള്ള ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.
ആദ്യം മദ്യപാനത്തിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പ്രതി പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു. എന്നാല്‍, കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് മൂന്ന് വർഷം മുൻപ് ഉപേക്ഷിച്ചുപോയ ഭാര്യയെ തിരികെ ലഭിക്കുന്നതിനായി നടത്തിയ ആഭിചാരക്രിയയുടെ ഭാഗമായാണ് കൊലപാതകം നടത്തിയതെന്ന് ഇയാള്‍ വെളിപ്പെടുത്തിയത്. വെട്ടിയെടുത്ത തല പ്രതിയുടെ വീട്ടിലെ പൂജാമുറിയില്‍ കുഴിച്ചിട്ട നിലയില്‍ പോലീസ് കണ്ടെത്തി. കേസില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.
.jpg)

