മൂന്ന് വയസ്സുകാരനെ പീഡിപ്പിച്ചു കൊന്ന് മൃതദേഹം സ്യൂട്ട്കേസില്‍ ഒളിപ്പിച്ചു;കൗമാരക്കാരൻ പിടിയിൽ
കുട്ടി കൊല്ലപ്പെടുന്നതിന് മുൻപ് ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായതായി പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി.
പൂനെ : പുനെയില്‍ വീടിനു പുറത്ത് കളിച്ചുകൊണ്ടിരുന്ന കുഞ്ഞിനെ ചോക്ലേറ്റ് നല്‍കി കൗമാരക്കാരൻ പീഡിപ്പിച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹം സ്യൂട്ട്കേസില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി.പ്രതിയെ ജുവനൈല്‍ ജസ്റ്റിസ് ബോർഡിന് മുന്നില്‍ ഹാജരാക്കി.
മെയ് 1-നാണ് വീടിന് പുറത്തു കളിച്ചു കൊണ്ടിരുന്ന കുട്ടിയെ പെട്ടെന്ന് കാണാതാവുകയായിരുന്നു. തുടർന്ന് മാതാപിതാക്കള്‍ സമീപത്തെല്ലാം തെരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല.
പിന്നാലെ പൊലീസില്‍ പരാതി നല്‍കി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അയല്‍വാസിയായ കൗമാരക്കാരന്‍റെ വീട്ടില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്. കുട്ടി കൊല്ലപ്പെടുന്നതിന് മുൻപ് ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായതായി പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി.
നഗരം വിടാൻ ശ്രമിക്കുന്നതിനിടെ പൂനെ റെയില്‍വേ സ്റ്റേഷന് പുറത്തുനിന്നാണ് കൌമാരക്കാരൻ പൊലീസിന്‍റെ പിടിയിലായത്. സിസിടിവി ദൃശ്യങ്ങളും സാങ്കേതിക തെളിവുകളും ഉപയോഗിച്ചാണ് പൊലീസ് പ്രതിയെ വലയിലാക്കിയത്.
ചോദ്യംചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. കുറ്റകൃത്യം പുറത്തറിയാതിരിക്കാനാണ് കുട്ടിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം മൃതദേഹം സ്യൂട്ട്കേസില്‍ ഒളിപ്പിച്ചതെന്ന് പ്രതി ചോദ്യംചെയ്യലില്‍ സമ്മതിച്ചെന്നും പൊലീസ് പറഞ്ഞു.
.jpg)

