ഫുട്പാത്തില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന പത്തുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി രക്ഷപ്പെടാന്‍ ശ്രമിക്കവേ കാലില്‍ വെടിവച്ച് പൊലീസ്

arrest

വെടിവെപ്പില്‍ കാലിന് പരിക്കേറ്റ പ്രതിയെ നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്

ദില്ലിയില്‍ ഫുട്പാത്തില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന പത്തുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് നേരെ പൊലീസ് വെടിവെപ്പ്. ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവറായ പ്രതി ബബ്ലൂവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍, പോലീസ് കസ്റ്റഡിയില്‍ നിന്ന് ഇയാള്‍ ചാടിപ്പോകാന്‍ ശ്രമിച്ചതോടെയാണ് പൊലീസ് വെടിയുതിര്‍ത്തത്. വെടിവെപ്പില്‍ കാലിന് പരിക്കേറ്റ പ്രതിയെ നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്

തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയാണ് മാതാപിതാക്കള്‍ക്കൊപ്പം ഫുട്പാത്തില്‍ ഉറങ്ങുകയായിരുന്ന മകളെ കാണാനില്ലെന്ന് കാണിച്ച് മെഹ്റോളി പൊലീസില്‍ പരാതി നല്‍കുന്നത്. പരാതി ലഭിച്ചതിന് പിന്നാലെ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവറായ ബബ്ലൂ പോലീസിന്റെ പിടിയിലാകുന്നത്.

ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയുണ്ടായി. ഫുട്പാത്തില്‍ നിന്ന് തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയെ ഗുരുഗ്രാമിലേക്ക് കൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തുകയായിരുന്നു എന്ന് പ്രതി സമ്മതിച്ചു. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ദില്ലിയിലെ മെഹ്റോളിയിലുള്ള വനപ്രദേശത്ത് ഉപേക്ഷിക്കുകയാണ് പ്രതി ചെയ്തത്. ഇവിടെ നിന്നാണ് പെണ്‍കുട്ടിയുടെ മൃതദേഹം പൊലീസ് കണ്ടെടുത്തത്. പ്രതി കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചതോടെയാണ് വെടിവെക്കേണ്ടി വന്നതെന്നും കേസില്‍ കൂടുതല്‍ അന്വേഷണം നടന്നു വരികയാണെന്നും പോലീസ് വ്യക്തമാക്കി.

Tags