ജുമാ മസ്ജിദ് മെട്രോ സ്റ്റേഷനില്‍ സുരക്ഷാ പരിശോധനയ്ക്കിടെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചയാളെ സാഹസികമായി പിടികൂടി സിഐഎസ്എഫ് ജവാന്‍

cisf

യാത്രക്കാരന്റെ ബാഗേജ് എക്‌സ്-റേ പരിശോധനാ സംവിധാനത്തിലൂടെ പരിശോധിക്കുന്നതിനിടെ സംശയകരമായ വസ്തു ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ പരിശോധന ശക്തമാക്കിയത്.

ജുമാ മസ്ജിദ് മെട്രോ സ്റ്റേഷനില്‍ സുരക്ഷാ പരിശോധനയ്ക്കിടെ സംശയാസ്പദമായി കണ്ടെത്തിയയാളെ സാഹസികമായി പിടികൂടി സിഐഎസ്എഫ് ജവാന്‍. മെറ്റല്‍ ഡിറ്റക്ടര്‍ ഫ്രെയിം കടന്ന് എസ്‌കലേറ്ററിലേക്ക് ഓടിയ യാത്രക്കാരനെ പടിക്കെട്ടിലൂടെ ഓടിച്ചാണ് പിടികൂടിയത്. ഉത്തര്‍പ്രദേശിലെ മുസഫര്‍നഗര്‍ സ്വദേശിയായ മുഹമ്മദ് ഷുഐബാണ് പിടിയിലായത്. മലേഷ്യയിലെ ക്വാലാലംപൂരിലാണ് ഇയാള്‍ താമസിക്കുന്നത്.
യാത്രക്കാരന്റെ ബാഗേജ് എക്‌സ്-റേ പരിശോധനാ സംവിധാനത്തിലൂടെ പരിശോധിക്കുന്നതിനിടെ സംശയകരമായ വസ്തു ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ പരിശോധന ശക്തമാക്കിയത്. തുടര്‍ന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചയാളെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്ന യുവാവിനെ പടിക്കെട്ട് ഓടിക്കയറി ഉദ്യോഗസ്ഥന്‍ സാഹസികമായി പിടികൂടുന്ന സിസിടിവി ദൃശ്യങ്ങള്‍ സിഐഎസ്എഫിന്റെ ഔദ്യോഗിക എക്‌സ് പോസ്റ്റിലൂടെ പങ്കുവച്ചിട്ടുണ്ട്.

യാത്രക്കാരന്റെ ബാഗ് പരിശോധിച്ചപ്പോള്‍ അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ 155 ഗ്രാം തൂക്കമുള്ള സ്വര്‍ണപ്പൊടിക്ക് സമാനമായ വസ്തു കണ്ടെത്തി. അടിവസ്ത്രത്തിനുള്ളില്‍ തുന്നിച്ചേര്‍ത്ത നിലയിലായിരുന്നു വസ്തു കണ്ടെടുത്തത്.  മലേഷ്യയില്‍ താമസിക്കുന്ന താന്‍ ടെക്‌സ്‌റ്റൈല്‍ മേഖലയിലാണ് ജോലി ചെയ്യുന്നതെന്ന് ചോദ്യം ചെയ്യലില്‍ ഷുഐബ് പറഞ്ഞു.

ഒക്ടോബര്‍ 16-ന് ഈ വസ്തുവുമായി ഡല്‍ഹിയിലെത്തിയതായും ജുമാ മസ്ജിദ് പ്രദേശത്തെ 'വാസിര്‍' എന്ന ഹോട്ടലില്‍ താമസിച്ചതായും ഇയാള്‍ പൊലീസിനോട് പറഞ്ഞു. സംഭവദിവസം ലജ്പത് നഗറിലേക്ക് പോകാനായി ജുമാ മസ്ജിദ് മെട്രോ സ്റ്റേഷനിലെത്തിയപ്പോഴാണ് സുരക്ഷാ പരിശോധനയ്ക്കിടെ പിടിയിലായത്.
പിടിച്ചെടുത്ത വസ്തു ലഹരിമരുന്നോ സൈക്കോട്രോപിക് പദാര്‍ഥമോ ആണോയെന്ന് പരിശോധിക്കാന്‍ ബന്ധപ്പെട്ട നാര്‍ക്കോട്ടിക് വിഭാഗത്തിന്റെ സഹായം തേടി. എന്നാല്‍ പരിശോധനയില്‍ ഇത് ലഹരിമരുന്നല്ലെന്ന് വ്യക്തമാവുകയായിരുന്നു. കണ്ടെത്തിയ വസ്തുവിന്റെ രേഖകള്‍ ഹാജരാക്കാന്‍ ഷുഐബിന് കഴിഞ്ഞില്ല. ഡല്‍ഹി പൊലീസ് നിയമപ്രകാരം സുപ്രീം കോടതി മെട്രോ പൊലീസ് സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ നിയമനടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

Tags