രാംലീല ആഘോഷങ്ങള്‍ക്കിടെ രാമനായി വേഷമിട്ടയാള്‍ തൊടുത്ത അമ്പുകൊണ്ട് രാവണനായി വേഷമിട്ടയാളുടെ കാഴ്ച നഷ്ടമായി ; പരാതി
പരിപാടിയുടെ സംഘാടകരോ അമ്പ് തൊടുത്ത വ്യക്തിയോ നഷ്ടപരിഹാരമോ സഹായമോ നല്‍കാതെ വന്നതോടെയാണ് സുനില്‍കുമാര്‍ പരാതി നല്‍കിയത്.
രാംലീല ആഘോഷങ്ങള്‍ക്കിടെ രാമനായി വേഷമിട്ടയാള്‍ തൊടുത്ത അമ്പുകൊണ്ട് രാവണനായി വേഷമിട്ടയാളുടെ കാഴ്ച നഷ്ടമായെന്ന് പരാതി. സുനില്‍ കുമാര്‍ എന്ന ദളിത് യുവാവിന്റെ വലതുകണ്ണിന്റെ കാഴ്ചയാണ് നഷ്ടമായത്. പരിപാടിയുടെ സംഘാടകരോ അമ്പ് തൊടുത്ത വ്യക്തിയോ നഷ്ടപരിഹാരമോ സഹായമോ നല്‍കാതെ വന്നതോടെയാണ് സുനില്‍കുമാര്‍ പരാതി നല്‍കിയത്.
കഴിഞ്ഞ വര്‍ഷം നവംബര്‍ 13നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഷാഹ്ഗഞ്ചില്‍ രാംലീല ആഘോഷങ്ങളുടെ ഭാഗമായി നടന്ന പരിപാടിയില്‍ രാവണനായി അഭിനയിച്ചത് സുനില്‍കുമാര്‍ ആയിരുന്നു. രാംസനേഹി സിങ് എന്നയാളാണ് പരിപാടി സംഘടിപ്പിച്ചത്. നൈതിക് പാണ്ഡെ എന്ന യുവാവാണ് രാമനായി വേഷമിട്ടത്.
ഇരുവരും തമ്മിലുള്ള യുദ്ധം മുറുകുന്നതിനിടെ രാമനായി വേഷമിട്ടയാള്‍ തൊടുത്തുവിട്ട അമ്പ് ലക്ഷ്യംതെറ്റി സുനില്‍കുമാറിന്റെ വലതുകണ്ണില്‍ കൊണ്ടു. ഉടന്‍തന്നെ കണ്ണില്‍ നിന്ന് ഒരുപാട് രക്തവും വെള്ളവും വന്നിരുന്നു. ഗുരുതരമായ പരിക്കിന് പിന്നാലെ കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടുവെന്ന് പിന്നീടുണ്ടായ പരിശോധനയില്‍ കണ്ടെത്തി.
ജനുവരി 23നാണ് സുനില്‍കുമാര്‍ പൊലീസില്‍ പരാതി നല്‍കുന്നത്. സംഭവത്തില്‍ പരിപാടിയുടെ സംഘാടകനോ രാമനായി വേഷമിട്ടയാളോ തനിക്ക് ഒരു സഹായവും ചെയ്തില്ല എന്ന് സുനില്‍കുമാര്‍ ആരോപിക്കുന്നു. രാമനായി വേഷമിട്ട നൈതികിന്റെ വീട്ടിലേക്ക് സഹായം ആവശ്യപ്പെട്ട് സുനില്‍കുമാര്‍ നിരവധി തവണ ചെന്നിരുന്നു. എന്നാല്‍ അപ്പോഴെല്ലാം ജാതി പറഞ്ഞ് കളിയാക്കുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നുവെന്ന് സുനില്‍കുമാര്‍ പരാതിയില്‍ പറയുന്നു. പരിപാടിയുടെ സംഘാടകനും തന്നെ അപമാനിച്ചുവെന്ന് സുനില്‍കുമാര്‍ ആരോപിക്കുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തിവരികയാണ്.
.jpg)


