വന്‍ തുക പിഴയടച്ചു ; ഗൗതം അദാനിക്കും അനന്തരവന്‍ സാഗര്‍ അദാനിക്കുമെതിരെയുള്ള എല്ലാ ക്രിമിനല്‍ കുറ്റങ്ങളും യു എസ് നീതിന്യായ വകുപ്പ് റദ്ദാക്കി
അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട് യുഎസിലുണ്ടായിരുന്ന നിരവധി അന്വേഷണങ്ങളാണ് കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പൂര്‍ണ്ണമായി അവസാനിച്ചത്.
ഇന്ത്യന്‍ കോര്‍പ്പറേറ്റ് ഭീമനായ ഗൗതം അദാനിക്കും അനന്തരവന്‍ സാഗര്‍ അദാനിക്കുമെതിരെയുള്ള എല്ലാ ക്രിമിനല്‍ കുറ്റങ്ങളും യു എസ് നീതിന്യായ വകുപ്പ് റദ്ദാക്കി. ന്യൂയോര്‍ക്കിലെ അതീവ ശ്രദ്ധേയമായ സെക്യൂരിറ്റീസ്-വയര്‍ തട്ടിപ്പ് കേസടക്കമാണ് പൂര്‍ണ്ണമായും അവസാനിപ്പിച്ചത്. അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട് യുഎസിലുണ്ടായിരുന്ന നിരവധി അന്വേഷണങ്ങളാണ് കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പൂര്‍ണ്ണമായി അവസാനിച്ചത്.
ഇന്ത്യയിലെ സൗരോര്‍ജ്ജ പദ്ധതികളുമായി ബന്ധപ്പെട്ട് നിക്ഷേപകര്‍ക്ക് നല്‍കിയ വെളിപ്പെടുത്തലുകളില്‍ ക്രമക്കേട് ആരോപിച്ചുണ്ടായിരുന്ന സിവില്‍ കേസുകള്‍ കഴിഞ്ഞ ആഴ്ച യുഎസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷന്‍ ഒത്തുതീര്‍പ്പാക്കിയിരുന്നു. കോടതി രേഖകള്‍ പ്രകാരം, കുറ്റം സമ്മതിക്കുകയോ നിഷേധിക്കുകയോ ചെയ്യാതെ തന്നെ കേസ് ഒത്തുതീര്‍പ്പാക്കുന്നതിനായി ഗൗതം അദാനി 6 മില്യണ്‍ യുഎസ് ഡോളറും (ഏകദേശം 50 കോടി രൂപ), സാഗര്‍ അദാനി 12 മില്യണ്‍ യുഎസ് ഡോളറും (ഏകദേശം 100 കോടി രൂപ) പിഴയായി നല്‍കാന്‍ സമ്മതിക്കുകയായിരുന്നു.
ഇതിനുപിന്നാലെ, എല്‍ പി ജി ഇറക്കുമതിയില്‍ ഇറാനെതിരെയുള്ള യു എസ് ഉപരോധം അദാനി ഗ്രൂപ്പ് ലംഘിച്ചു എന്ന ആരോപണവും യു എസ് ട്രഷറി വകുപ്പിന്റെ ഓഫീസ് ഓഫ് ഫോറിന്‍ അസറ്റ്‌സ് കണ്‍ട്രോള്‍ ഒത്തുതീര്‍പ്പാക്കി. അന്വേഷണവുമായി സഹകരിക്കാനും വിവരങ്ങള്‍ വെളിപ്പെടുത്താനും അദാനി ഗ്രൂപ്പ് തയ്യാറായതിനെത്തുടര്‍ന്ന്, 275 മില്യണ്‍ യുഎസ് ഡോളര്‍ (ഏകദേശം 2300 കോടി രൂപ) പിഴയായി നല്‍കാന്‍ അവര്‍ സമ്മതിക്കുകയായിരുന്നു. ഇതോടൊപ്പം ഒരു ലക്ഷം കോടി രൂപ അദാനി യു എസില്‍ നിക്ഷേപിക്കാം എന്ന ഉറപ്പു നല്‍കിയതായാണ് വിവരം.
.jpg)

