മാനസിക പീഡനത്തെ തുടര്‍ന്ന് ജീവനൊടുക്കിയ പെണ്‍കുട്ടിയെ ഹോസ്റ്റല്‍ വാര്‍ഡന്‍ ഉള്‍പ്പെട്ട നാലംഗ സംഘം മാലിന്യ കുഴിയില്‍ തള്ളി ; ഒരു വര്‍ഷത്തിന് ശേഷം പ്രതികള്‍ അറസ്റ്റില്‍

police

ഷിമോഗയ്ക്കടുത്ത് ശിക്കാരിപ്പുരയില്‍ പിജി ഹോസ്റ്റലില്‍ നിന്ന് കാണാതായ പെണ്‍കുട്ടിയുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് വഴിത്തിരിവ്.

കര്‍ണാടകയിലെ ഷിമോഗയില്‍ പി ജി ഹോസ്റ്റലില്‍ നിന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കാണാതായ സംഭവത്തില്‍ വഴിത്തിരിവ്. മാനസിക പീഡനത്തെ തുടര്‍ന്ന് ജീവനൊടുക്കിയ പെണ്‍കുട്ടിയെ ഹോസ്റ്റല്‍ വാര്‍ഡന്‍ ഉള്‍പ്പെട്ട നാലംഗ സംഘം മാലിന്യ കുഴിയില്‍ തള്ളുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. സംഭവത്തില്‍ ഒരു വര്‍ഷത്തിനുശേഷം നാല് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു.

ഷിമോഗയ്ക്കടുത്ത് ശിക്കാരിപ്പുരയില്‍ പിജി ഹോസ്റ്റലില്‍ നിന്ന് കാണാതായ പെണ്‍കുട്ടിയുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് വഴിത്തിരിവ്. എട്ടാം ക്ലാസ് വരെ മാത്രം പഠിച്ചിട്ടുള്ള പെണ്‍കുട്ടി ജോലി തേടി എത്തിയതായിരുന്നു ഈ പിജി ഹോസ്റ്റലില്‍. ഒരു വര്‍ഷം മുമ്പ് ഇവരെ ഇവിടെനിന്ന് കാണാതായെങ്കിലും പോലീസില്‍ പരാതി എത്തിയത് കഴിഞ്ഞ ആഴ്ച മാത്രമാണ്. തുടര്‍ന്ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു നടത്തിയ അന്വേഷണത്തിലാണ് ദുരൂഹത നീങ്ങിയത്. പിജി നടത്തിപ്പുകാരിയായ സൗഭാഗ്യ, ഭര്‍ത്താവ് ഗംഗാ നായിക്, സുഹൃത്ത് രഞ്ജിത, സഹായി പീര നായിക് എന്നിവരാണ് അറസ്റ്റിലായത്. തങ്ങളെക്കുറിച്ച് അപവാദം പറയുന്നു എന്ന് ആരോപിച്ച് സൗഭാഗ്യ ഉള്‍പ്പെടുന്ന സംഘം പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയും മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. ഇതില്‍ മനംനൊന്ത് സ്വന്തം മുറിയില്‍ എത്തി പെണ്‍കുട്ടി ജീവനൊടുക്കുകയായിരുന്നുവെണ് പൊലീസ് വ്യക്തമാക്കുന്നത്.

സംഭവം അറിഞ്ഞ സൗഭാഗ്യയും സംഘവും പൊലീസുകാരെ വിവരമറിയിക്കുന്നതിന് പകരം മൃതദേഹം സ്യൂട്ട്‌ക്കേസില്‍ ആക്കി അല്പം അകലെ ഒരു മാലിന്യ കുഴിയില്‍ തള്ളുകയായിരുന്നു. അമ്മയില്ലാത്ത പെണ്‍കുട്ടിയെ ആരും അന്വേഷിച്ച് എത്താത്തതിനാല്‍ തിരോധാനം ആരുടെയും ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ആഴ്ച പെണ്‍കുട്ടിയുടെ ഒരു ബന്ധു പൊലീസില്‍ പരാതി നല്‍കിയതോടെയാണ് തിരോധാനക്കേസില്‍ അന്വേഷണം ആരംഭിച്ചത്.
പൊലീസ് അന്വേഷണത്തില്‍ കഴിഞ്ഞ ഒരു വര്‍ഷമായി പെണ്‍കുട്ടി ആരെയും ഫോണില്‍ വിളിച്ചിരുന്നില്ല എന്ന് വ്യക്തമായി.അവസാനം വിളിച്ചത് രഞ്ജിതയുടെ നമ്പറിലേക്ക് ആണ് എന്ന് തിരിച്ചറിഞ്ഞതോടെയാണ് പൊലീസ് അവരെ ചോദ്യം ചെയ്തത്. ഇതോടെയാണ് സത്യം പുറത്തുവന്നത്. പ്രതികളെ നാലുപേരെയും പൊലീസ് അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കി. മാലിന്യ കുഴിയില്‍ നിന്ന് ലഭിച്ച മൃതദേഹ അവശിഷ്ടങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. 

Tags