21 കാരനെ ശ്വാസം മുട്ടിച്ച് അബോധാവസ്ഥയിലാക്കി കനാലിലെറിഞ്ഞു, മുങ്ങിമരണമെന്ന് വരുത്തി തീര്‍ത്തു ; ഭാര്യയും കാമുകനും അറസ്റ്റില്‍

arrest

കാമുകന്റെ കൂട്ടാളിയായ ഹരിഓം എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രധാന പ്രതിയായ കാമുകന്‍ സോനുവും മറ്റൊരു കൂട്ടാളി അമനും നിലവില്‍ ഒളിവിലാണ്.

ഹരിയാനയിലെ രേവാരിയില്‍ 21 കാരനായ യുവാവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് ആസൂത്രിതമായി കൊലപ്പെടുത്തി. ജാദ്താല്‍ ഗ്രാമവാസിയായ മോനു എന്ന യുവാവാണ് കൊല്ലപ്പെട്ടത്. പ്രതികള്‍ യുവാവിനെ ശ്വാസം മുട്ടിച്ച് അബോധാവസ്ഥയിലാക്കിയ ശേഷം ജീവനോടെ കനാലിലേക്ക് എറിയുകയായിരുന്നു. കൊലപാതക വിവരം പുറത്തറിയാതിരിക്കാനും അപകട മരണമോ ആത്മഹത്യയോ ആണെന്ന് വരുത്തിതീര്‍ക്കാനും യുവാവിന്റെ സ്‌കൂട്ടര്‍ കനാലിന് സമീപം പാര്‍ക്ക് ചെയ്യുകയും ചെയ്തു. ഫോണില്‍ നിന്ന് ഡിലീറ്റ് ചെയ്ത ചാറ്റുകളും കോള്‍ റെക്കോര്‍ഡുകളും യുവാവിന്റെ കുടുംബം സൈബര്‍ വിദഗ്ധരുടെ സഹായത്തോടെ വീണ്ടെടുത്തതോടെയാണ് ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. സംഭവത്തില്‍ യുവാവിന്റെ ഭാര്യ തന്നു, ഇവരുടെ കാമുകന്റെ കൂട്ടാളിയായ ഹരിഓം എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രധാന പ്രതിയായ കാമുകന്‍ സോനുവും മറ്റൊരു കൂട്ടാളി അമനും നിലവില്‍ ഒളിവിലാണ്.


ജൂണ്‍ 7-ന് തന്റെ കുടുംബവീട്ടില്‍ കഴിയുകയായിരുന്ന ഭാര്യ തന്നുവിനെ കൂട്ടിക്കൊണ്ടുവരാന്‍ മോനു പോകേണ്ടതായിരുന്നു. പോകും മുന്‍പ് ശമ്പളം വാങ്ങി വരണമെന്ന് തന്നു ആവശ്യപ്പെട്ടിരുന്നു. ജൂണ്‍ 8-ന് ശമ്പളം വാങ്ങിയ ശേഷം വയറുവേദനയാണെന്നും മരുന്ന് വാങ്ങാന്‍ പോകുകയാണെന്നും പറഞ്ഞ് മോനു സ്‌കൂട്ടറില്‍ വീട്ടില്‍ നിന്നിറങ്ങി. തുടര്‍ന്ന് തന്നു മോനുവിനെ വിളിച്ച് ഒരു പ്രത്യേക സ്ഥലത്തേക്ക് വരാന്‍ ആവശ്യപ്പെട്ടു. ഇവിടെ തന്നുവിന്റെ കാമുകനായ സോനുവും കൂട്ടാളികളായ ഹരിഓമും അമനും നേരത്തെ തന്നെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. ഇവര്‍ നാലുപേരും ചേര്‍ന്ന് മോനുവിനെ കീഴ്‌പ്പെടുത്തുകയും ബോധം കെടുന്നത് വരെ മൂക്കും വായും പൊത്തിപ്പിടിക്കുകയും ചെയ്തു. തുടര്‍ന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ മുങ്ങിമരണമാണെന്ന് കാണിക്കുന്നതിനായി മോനുവിനെ ജീവനോടെ കനാലിലേക്ക് എറിയുകയായിരുന്നു.
ജൂണ്‍ 10-നാണ് അസല്‍വാസിന് സമീപമുള്ള കനാലില്‍ നിന്ന് മോനുവിന്റെ മൃതദേഹം പോലീസ് കണ്ടെടുത്തത്. ശരീരത്തില്‍ മറ്റ് പരിക്കുകള്‍ ഇല്ലാതിരുന്നതിനാലും കനാല്‍ക്കരയില്‍ നിന്ന് സ്‌കൂട്ടര്‍ ലഭിച്ചതിനാലും പോലീസ് ഇത് ആത്മഹത്യയോ അപകട മരണമോ ആയി കണക്കാക്കി കേസ് രജിസ്റ്റര്‍ ചെയ്യുകയും പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുകയും ചെയ്തു. ഭര്‍ത്താവിന്റെ മരണവിവരമറിഞ്ഞ് എത്തിയ തന്നു, സംശയം തോന്നാത്ത രീതിയില്‍ സംസ്‌കാര ചടങ്ങുകളിലും മറ്റ് പ്രാര്‍ത്ഥനകളിലും പങ്കെടുത്ത് ദുഃഖം അഭിനയിച്ചു.
ജൂണ്‍ 11-ന് പോലീസ് മോനുവിന്റെ മൊബൈല്‍ ഫോണ്‍ കുടുംബത്തിന് കൈമാറി. എന്നാല്‍ ഫോണിലെ എല്ലാ വിവരങ്ങളും ഡിലീറ്റ് ചെയ്ത നിലയിലായിരുന്നു. ഇതില്‍ സംശയം തോന്നിയ കുടുംബം സൈബര്‍ വിദഗ്ധരെ സമീപിച്ച് ഡിലീറ്റ് ചെയ്ത ഡാറ്റ വീണ്ടെടുത്തു. മോനുവിനെ കാണാതായ ദിവസം തന്നുവും മോനുവും തമ്മില്‍ സംസാരിച്ചതായും തന്നു കാമുകനായ സോനുവുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തിയിരുന്നതായും ചാറ്റുകളില്‍ നിന്ന് വ്യക്തമായി. തുടര്‍ന്ന് കുടുംബം ഈ തെളിവുകള്‍ പോലീസിന് കൈമാറുകയും എസ്.പിക്ക് പരാതി നല്‍കുകയും ചെയ്തതോടെയാണ് പോലീസ് ഭാര്യ തന്നുവിനെയും കൂട്ടാളിയെയും അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലില്‍ തന്നു കുറ്റം സമ്മതിച്ചു. ഒളിവിലുള്ള ബാക്കി പ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

Tags