രണ്ടുമാസം മുന്‍പ് കാനഡയില്‍ നിന്ന് നാട്ടിലെത്തിയ 20കാരനെ അയല്‍വാസിയുടെ വീട്ടില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

death

പിതാവ് കരംജിത് സിങ്ങിന്റെ പരാതിയില്‍ പൊലീസ് കൊലപാതകത്തിന് കേസെടുത്തു.  പ്രതികളിലൊരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

രണ്ടുമാസം മുന്‍പ് കാനഡയില്‍ നിന്ന് നാട്ടിലെത്തിയ 20കാരനെ അയല്‍വാസിയുടെ വീട്ടില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പഞ്ചാബിലാണ് സംഭവം. 20 കാരനായ ഗുരുദീപ് സിംഗാണ് മരിച്ചത്. സംഭവം കൊലപാതകമാണെന്ന് ആരോപിച്ച് യുവാവിന്റെ ബന്ധുക്കള്‍ രംഗത്തെത്തി.
ഒക്ടോബര്‍ 31-നാണ് ഗുരുദീപിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പിതാവ് കരംജിത് സിങ്ങിന്റെ പരാതിയില്‍ പൊലീസ് കൊലപാതകത്തിന് കേസെടുത്തു.  പ്രതികളിലൊരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

കാനഡയില്‍ നിന്ന് മടങ്ങിയെത്തിയ ശേഷം സ്വന്തം വീട്ടിലേക്ക് പോകാതെ അയല്‍വാസിയായ മന്‍പ്രീത് സിംഗിന്റെ വീട്ടിലായിരുന്നു ഗുരുദീപ് താമസിച്ചിരുന്നത്.  രണ്ട് മാസം മുന്‍പ് ഇന്ത്യയില്‍ തിരിച്ചെത്തിയ ഗുരുദീപിനെ വിമാനത്താവളത്തില്‍ നിന്ന് അയല്‍വാസിയായ സ്ത്രീ നേരിട്ട് സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയെന്നാണ് അമ്മയുടെ ആരോപണം. ഈ സമയത്ത് മകനെ കുടുംബാംഗങ്ങളെ കാണാന്‍ അനുവദിച്ചില്ലെന്നും അയല്‍വീട്ടില്‍ തന്നെ താമസിപ്പിച്ചെന്നുമാണ് അമ്മ പറയുന്നത്. ഗുരുദീപില്‍ നിന്ന് സ്ത്രീ ഒന്‍പത് ലക്ഷം രൂപ കൈക്കലാക്കിയെന്നും ഈ പണം ഉപയോഗിച്ച് വാഹനങ്ങള്‍ വാങ്ങിയെന്നും അവര്‍ ആരോപിച്ചു.

രണ്ടുവര്‍ഷം മുന്‍പാണ് ഗുരുദീപ് കാനഡയിലേക്ക് പോയത്. അവിടെ താമസിച്ചിരുന്ന സമയത്ത് കുടുംബവുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു. എന്നാല്‍ നാട്ടില്‍ തിരിച്ചെത്തിയ ശേഷം വീട്ടിലേക്ക് വന്നില്ല. മകന്റെ മൊബൈല്‍ ഫോണ്‍ പോലും ഇയാളില്‍ നിന്ന് സ്ത്രീ വാങ്ങിവച്ചിരുന്നു.
വിഷം നല്‍കിയോ വൈദ്യുതാഘാതമേല്‍പ്പിച്ചോ മകനെ കൊലപ്പെടുത്തിയതാകാമെന്നാണ് കുടുംബത്തിന്റെ സംശയം. ഗുരുദീപിന്റെ ആരോഗ്യനില മോശമായ ശേഷമാണ് കുടുംബത്തെ വിവരം അറിയിച്ചത്. വീട്ടിലെത്തിയപ്പോഴേക്കും യുവാവ് മരിച്ചിരുന്നു.

പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ മന്‍പ്രീത് സിങ്ങിനും ഭാര്യ മന്‍ദീപ് കൗറിനുമെതിരെ കൊലപാതകക്കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതികളിലൊരാളെ അറസ്റ്റ് ചെയ്തു. മരണത്തിന്റെ സാഹചര്യങ്ങളും പിന്നിലെ കാരണങ്ങളും കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്. എന്തുകൊണ്ടാണ് യുവാവ് അയല്‍വീട്ടില്‍ താമസിച്ചതെന്നും മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളും അന്വേഷിച്ചുവരികയാണ്.

Tags