സഹോദരന്റെ കയ്യില്‍ രാഖികെട്ടാന്‍ പോകുന്നതിനിടെ 16കാരി കുഴല്‍ക്കിണറില്‍ വീണു; ദാരുണാന്ത്യം

death

കാണ്‍പൂര്‍ നഗരത്തില്‍ നിന്ന് ഏകദേശം 35 കിലോമീറ്റര്‍ അകലെ മഹാരാജ്പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള പൂര്‍വാമിര്‍ ഗ്രാമത്തിലാണ് സംഭവം നടന്നത്

 സഹോദരന്റെ കയ്യില്‍ രാഖികെട്ടാന്‍ പോകുന്നതിനിടെ 16കാരി കുഴല്‍ക്കിണറില്‍ വീണ് മരിച്ചു. ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ ജില്ലയില്‍ വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. 20 അടി താഴ്ചയുള്ള കുഴല്‍ക്കിണറിലാണ് ചുട്കി ശര്‍മ്മ എന്ന പെണ്‍കുട്ടി വീണത്. സംഭവത്തെ തുടര്‍ന്ന് ദുരന്ത നിവാരണ സംഘങ്ങള്‍ ഉള്‍പ്പെട്ട വിപുലമായ സംഘമാണ് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടത്.

കാണ്‍പൂര്‍ നഗരത്തില്‍ നിന്ന് ഏകദേശം 35 കിലോമീറ്റര്‍ അകലെ മഹാരാജ്പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള പൂര്‍വാമിര്‍ ഗ്രാമത്തിലാണ് സംഭവം നടന്നത്. തന്റെ വീടിന്റെ മുറ്റത്തുണ്ടായിരുന്ന ഉപയോഗശൂന്യമായ കുഴല്‍ക്കിണറില്‍ ചുട്കി ശര്‍മ്മ എന്ന പെണ്‍കുട്ടി വീണത്.
പെണ്‍കുട്ടി ഏകദേശം 20 അടി താഴ്ചയിലേക്കാണ് വീണതെന്ന് പൊലീസ് കമ്മീഷണര്‍ രഘുബീര്‍ ലാല്‍ സ്ഥിരീകരിച്ചു. ദേശീയ ദുരന്ത നിവാരണ സേന (എന്‍ഡിആര്‍എഫ്), സംസ്ഥാന ദുരന്ത നിവാരണ സേന (എസ്ഡിആര്‍എഫ്), അഗ്നിശമന സേന എന്നിവയുള്‍പ്പെടെയുള്ള രക്ഷാപ്രവര്‍ത്തകരെ ഉടന്‍ അയച്ചതായും പെണ്‍കുട്ടിയെ സുരക്ഷിതമായി പുറത്തെത്തിക്കാന്‍ വേണ്ട ശ്രമങ്ങള്‍ നടത്തിയെന്നും അദ്ദേഹം പറഞ്ഞു.

പെണ്‍കുട്ടിയുടെ അടുത്തേക്കെത്താന്‍ രക്ഷാപ്രവര്‍ത്തകര്‍ എക്‌സ്‌കവേറ്റര്‍ ഉപയോഗിച്ച് സമാന്തരമായി ഒരു കുഴി കുഴിച്ചു. പുറത്തെടുത്ത ശേഷം ചുട്കിയെ സര്‍സൗള്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി, അവിടെ വച്ച് കുട്ടി മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നു.

മൂന്ന് വര്‍ഷം മുമ്പാണ് വീടിന്റെ മുറ്റത്ത് കുഴല്‍ക്കിണര്‍ കുഴിച്ചത്. എന്നാല്‍ പണി പൂര്‍ത്തിയാക്കാന്‍ കഴിയാതെ വന്നപ്പോള്‍ ഉപേക്ഷിച്ചുവെന്നും പിന്നീട് മറ്റൊരു സ്ഥലത്ത് രണ്ടാമത്തെ കുഴല്‍ക്കിണര്‍ കുഴിച്ചുവെന്നും കുടുംബം പൊലീസിനോട് പറഞ്ഞു. കുഴല്‍ക്കിണര്‍ കുഴിച്ചിരുന്ന നിലം മണ്ണിട്ട് മൂടിയിരുന്നെങ്കിലും ദുര്‍ബലമായിരിക്കാമെന്നാണ് കുടുംബം സംശയിക്കുന്നത്.

Tags