മഹാരാഷ്ട്രയിലെ മന്ത്രിസഭാ വികസനം : അനശ്ചിതത്വം തുടരുന്നു

google news
cabinet-maharashtra

മഹാരാഷ്ട്രയിലെ മന്ത്രിസഭാ വിപുലീകരണത്തെക്കുറിച്ചുള്ള അനിശ്ചിതത്വം തുടരുന്നു. കഴിഞ്ഞ ദിവസം എംഎൽഎമാരുമായുള്ള കൂടിക്കാഴ്ച അവസാന നിമിഷം റദ്ദാക്കിയത് അഭ്യൂഹങ്ങൾ ഉയർത്തിയിരിക്കുകയാണ്. മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും പങ്കെടുക്കുന്ന കൂടിക്കാഴ്ചയാണ് അവസാന നിമിഷം റദ്ദാക്കിയത്.

ഏക്‌നാഥ് ഷിൻഡെക്ക് അസുഖം വന്നതാണ് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. വിശ്രമമെടുക്കാൻ ഡോക്ടർ ആവശ്യപ്പെട്ടത് കൊണ്ടാണ് കൂടിക്കാഴ്ച നടക്കാതെ പോയതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇതോടെ മുഖ്യമന്ത്രിയെ കാണാനെത്തിയ എംഎൽഎമാരോട് മടങ്ങിപ്പോകാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ മന്ത്രിസഭ വികസനത്തിന്റെ കാര്യത്തിൽ ബിജെപിയും ഷിൻഡെ പക്ഷവും തമ്മിൽ ഇനിയും ധാരണയിലെത്തിയിട്ടില്ലെന്നാണ് അറിയാൻ കഴിയുന്നത്.

കൂടുതൽ പുതുമുഖങ്ങളെ ഉൾപ്പെടുത്തണമെന്ന ബിജെപി നിർദ്ദേശത്തെ സ്വീകരിക്കാൻ ഷിൻഡെ പക്ഷത്തെ എം എൽ എ മാർ തയ്യാറായിട്ടില്ലെന്നും അടുത്ത വൃത്തങ്ങൾ അറിയിച്ചു. ഇതാണ് മന്ത്രിസഭ വികസനം നീണ്ടു പോകുവാൻ കാരണമായി പറയുന്നത്. ജൂലൈ 27ന് ഷിന്‍ഡെയും ഫട്‌നാവിസും മന്ത്രിമാരുടെ കരട് പട്ടികയുമായി ഡല്‍ഹി സന്ദര്‍ശിച്ചിരുന്നു. 43 പേരെയാണ് മന്ത്രിസഭയില്‍ ഉള്‍ക്കൊള്ളാന്‍ കഴിയുക. എന്നിരുന്നാലും നിരവധി പേരാണ് മന്ത്രിസഭയിലെത്താന്‍ ശ്രമം നടത്തുന്നത്. ഉദ്ദവിനെതിരെ ഷിന്‍ഡെയുടെ വിമത നീക്കത്തെ പിന്തുണച്ച എംഎല്‍എമാര്‍ മന്ത്രിസ്ഥാനം പ്രതീക്ഷിക്കുന്നവരാണ്. നിലവില്‍ മഹാരാഷ്ട്ര മന്ത്രിസഭയില്‍ രണ്ട് പേര്‍ മാത്രമാണ് ഉള്ളത്. ഷിന്‍ഡെയും ഫട്‌നാവിസും ജൂണ്‍ 30നാണ് സത്യപ്രതിജ്ഞ ചെയ്തത്. അതേസമയം, യഥാർഥ ശിവസേന ആരുടേതെന്ന തർക്കം സുപ്രീംകോടതിയിൽ എത്തിയിരിക്കുകയാണ്.
 

Tags