മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപി ശ്രമം തുടങ്ങിയതായി സൂചന

മഹാരാഷ്ട്രയില്‍ മഹാ വികാസ് അഘാഡി സഖ്യ സര്‍ക്കാരില്‍ വിള്ളലുകള്‍ നിലനില്‍ക്കെ സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപി ശ്രമം തുടങ്ങിയതായി സൂചന. പേരു വെളിപ്പെടുത്താത്ത മുതിര്‍ന്ന ബിജെപി നേതാവാണ് പിടിഐയോട് ഇക്കാര്യം വെളിപ്പെടുത്തിയത്. സുഗമമായ അധികാര കൈമാറ്റത്തിനാണ് ബിജെപി പ്രഥമ പരിഗണന നല്‍കുന്നതെന്നും ഇദ്ദേഹം വെളിപ്പെടുത്തി. മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫഡ്‌നാവിസ് സര്‍ക്കാരില്‍ മന്ത്രിയായിരുന്നയാളാണ് ഇദ്ദേഹം.
ഇദ്ദേഹം പറയുന്നത് പ്രകാരം പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് ഉള്‍പ്പെടെ നിരവധി ബിജെപി നേതാക്കള്‍ മാരത്തോണ്‍ ചര്‍ച്ചകള്‍ നടത്തുകയാണ്. അധികാര കൈമാറ്റവുമായി ബന്ധപ്പെട്ട നിയമപരമായ ഘടകങ്ങള്‍, ഭരണഘടനാ വ്യവസ്ഥകള്‍, സര്‍ക്കാര്‍ രൂപീകരിക്കാനാവശ്യമായ അംഗബലം തുടങ്ങിയവയാണ് ചര്‍ച്ചാ വിഷയം. എന്നാല്‍ നേരത്തെ തെരഞ്ഞെടുപ്പ് നടത്തുന്നതിനോട് ബിജെപി ക്ക് താല്‍പര്യമില്ലെന്നും ഇദ്ദേഹം പറയുന്നു. തെരഞ്ഞെടുപ്പ് ചെലവേറിയതാണ്. ഒപ്പം ചില മണ്ഡലങ്ങളില്‍ ബിജെപിക്ക് തിരിച്ചടി നേരിടാന്‍ സാധ്യതയുണ്ടെന്നും ബിജെപി നേതാവ് ചൂണ്ടിക്കാട്ടി.