ഗുജറാത്തില്‍ പടക്ക നിര്‍മ്മാണ ശാലയില്‍ വന്‍ സ്‌ഫോടനം, എട്ട് മരണം, 9 പേര്‍ക്ക് പരിക്ക്

fire

ലൈസന്‍സ് റദ്ദാക്കിയതിനെ തുടര്‍ന്ന് ഒരു ഫാമില്‍ അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന 'ടാലന്റ് ഫയര്‍വര്‍ക്‌സ്' എന്ന പടക്ക നിര്‍മ്മാണ ശാലയിലാണ് അപകടമുണ്ടായത്

ഗുജറാത്തിലെ അഹമ്മദാബാദിലുള്ള അനധികൃത പടക്ക നിര്‍മ്മാണ ശാലയിലുണ്ടായ ശക്തമായ പൊട്ടിത്തെറിയില്‍ എട്ട് പേര്‍ മരിച്ചു. ഒന്‍പത് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ശനിയാഴ്ച വൈകുന്നേരത്തോടെ അഹമ്മദാബാദിലെ വസ്ത്രാല്‍ മേഖലയിലാണ് വന്‍ ദുരന്തമുണ്ടായത്. ലൈസന്‍സ് റദ്ദാക്കിയതിനെ തുടര്‍ന്ന് ഒരു ഫാമില്‍ അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന 'ടാലന്റ് ഫയര്‍വര്‍ക്‌സ്' എന്ന പടക്ക നിര്‍മ്മാണ ശാലയിലാണ് അപകടമുണ്ടായത്. അപകടം നടക്കുന്ന സമയത്ത് പതിനെട്ടോളം തൊഴിലാളികള്‍ ഫാക്ടറിക്കുള്ളില്‍ ജോലി ചെയ്യുന്നുണ്ടായിരുന്നുവെന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. വിവരമറിഞ്ഞ് ഫയര്‍ഫോഴ്‌സ് സംഘവും ആര്‍ എ എഫും (റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സ്) ഉടന്‍ തന്നെ സംഭവസ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. പൊട്ടിത്തെറിയില്‍ പരിക്കേറ്റ ഒന്‍പത് പേരെയും ഉടനടി ചികിത്സയ്ക്കായി സിവില്‍ ആശുപത്രിയിലേക്കും മണിനഗറിലെ എല്‍ ജി ആശുപത്രിയിലേക്കും മാറ്റി.

അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഴമേറിയ ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം അറിയിച്ചു. പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയില്‍ നിന്ന് മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും ധനസഹായം പ്രഖ്യാപിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് എക്‌സിലൂടെ വ്യക്തമാക്കി.

Tags