75 ലക്ഷം പുതിയ കണക്ഷനുകള്‍ ; ഉജ്ജ്വല സ്‌കീമിന് 1650 കോടി വകയിരുത്തി കേന്ദ്രം

google news
pm modi

രാജ്യത്ത് ഉജ്ജ്വല സ്‌കീമിന് കീഴില്‍ പുതിയ എല്‍പിജി കണക്ഷനുകള്‍ നല്‍കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം. റിപ്പോര്‍ട്ടുകള്‍ പ്രകാരം, 75 ലക്ഷം പുതിയ കണക്ഷനുകള്‍ നല്‍കാനാണ് അനുമതി. ഇതിനായി 1,650 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. പുതിയ കണക്ഷനുകള്‍ കൂടി ഉറപ്പുവരുത്തുന്നതോടെ, ഉജ്ജ്വല യോജന പദ്ധതിയിലെ ആകെ ഗുണഭോക്താക്കളുടെ എണ്ണം 10.35 കോടിയായി ഉയരുന്നതാണ്. 2023-24 സാമ്പത്തിക വര്‍ഷം മുതല്‍ 2025-26 സാമ്പത്തിക വര്‍ഷം വരെയുള്ള മൂന്ന് വര്‍ഷക്കാലയളവിലാണ് എല്‍പിജി കണക്ഷനുകള്‍ നല്‍കുക.

ഉജ്ജ്വല സ്‌കീം ഗുണഭോക്താക്കള്‍ക്ക്, ഒരു എല്‍പിജി സിലിണ്ടറിന് 400 രൂപയാണ് സബ്‌സിഡി ലഭിക്കുക. സ്‌കീം അനുസരിച്ച്, ഉജ്ജ്വല ഗുണഭോക്താക്കള്‍ക്ക് ആദ്യത്തെ റീഫില്‍ സിലിണ്ടര്‍, സ്റ്റൗ എന്നിവ സൗജന്യമായാണ് നല്‍കുക. പരമ്പരാഗത പാചക ഇന്ധനങ്ങളുടെ ഉപയോഗം ഗ്രാമീണ സ്ത്രീകളുടെ ആരോഗ്യത്തെയും, പരിസ്ഥിതിയെയും ദോഷകരമായി ബാധിച്ചതിനാല്‍ എല്‍പിജി പോലെയുള്ള ശുദ്ധമായ പാചക ഇന്ധനം ഗ്രാമീണര്‍ക്കും, ദരിദ്രരേഖയ്ക്ക് താഴെ ഉള്ളവര്‍ക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഉജ്ജ്വല യോജന പദ്ധതി ആവിഷ്‌കരിച്ചത്. 2016 മെയ് 1നാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതിക്ക് തുടക്കമിട്ടത്.

Tags