സിസിടിവിയില്‍നിന്ന് സംശയാസ്പദമായ 70 ദൃശ്യങ്ങള്‍ കണ്ടെത്തി, ശൗചാലയത്തില്‍ നിന്ന് രണ്ടേകാല്‍ ലക്ഷം രൂപയും കണ്ടെടുത്തു ; അയോധ്യ കേസില്‍ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നതിങ്ങനെ
പണം എണ്ണുന്ന ജീവനക്കാര്‍ നോട്ടുകെട്ടുകള്‍ ഒളിപ്പിക്കുന്ന ദൃശ്യമടക്കം ഇക്കൂട്ടത്തിലുണ്ട്.
അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്‌ഐടി) പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്. സംഭാവന എണ്ണുന്ന സ്ഥലത്തിന് അടുത്തുള്ള പ്രവേശന കവാടങ്ങളില്‍ പരിശോധനയില്ലെന്നും പണം എണ്ണുന്ന ജീവനക്കാര്‍ നോട്ടുകെട്ടുകള്‍ ഒളിപ്പിച്ചുവെന്നും പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. കാണിക്കകളിലെ പണം ഒന്നിച്ച് എണ്ണിയിരുന്നതും തട്ടിപ്പിന് അവസരമായെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.
ഇക്കഴിഞ്ഞ ഏപ്രില്‍ 27 മുതല്‍ ജൂണ്‍ അഞ്ചുവരെ സിസിടിവിയില്‍നിന്ന് സംശയാസ്പദമായ 70 ദൃശ്യങ്ങള്‍ കണ്ടെത്തിയെന്നും പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുന്നു. പണം എണ്ണുന്ന ജീവനക്കാര്‍ നോട്ടുകെട്ടുകള്‍ ഒളിപ്പിക്കുന്ന ദൃശ്യമടക്കം ഇക്കൂട്ടത്തിലുണ്ട്. ജീവനക്കാരില്‍നിന്ന് 78.94 ലക്ഷം രൂപ പിടിച്ചെടുത്തതായും പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ബാങ്കില്‍ നിക്ഷേപിച്ച പണവും ജീവനക്കാരില്‍നിന്ന് കണ്ടെടുത്ത പണവും തമ്മിലുള്ള പൊരുത്തക്കേട് മോഷണത്തിന് തെളിവാണെന്നാണ് റിപ്പോര്‍ട്ടിലെ പരാമര്‍ശം.
ജൂണ്‍ നാലിന് സംഭാവന എണ്ണുന്ന മുറിയോട് ചേര്‍ന്ന ശൗചാലയത്തില്‍ നിന്ന് രണ്ടേകാല്‍ ലക്ഷം രൂപയും കണ്ടെടുത്തതായി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെടുന്നുണ്ട്. ക്ഷേത്രത്തില്‍നിന്ന് വിലപിടിപ്പുള്ള വെള്ളിക്കട്ടികള്‍ അടക്കം കാണാതായെന്ന വിവരങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ വെള്ളിക്കട്ടികള്‍ പോലുള്ള വസ്തുക്കള്‍ നഷ്ടപ്പെട്ടുവെന്ന ആരോപണങ്ങള്‍ക്ക് തെളിവ് കിട്ടിയിട്ടില്ലെന്ന് എസ്‌ഐടി റിപ്പോര്‍ട്ടില്‍ പറയുന്നു.
.jpg)

