ഐഎഎസ് ഐപിഎസ് ദമ്പതികള്‍ക്ക് 40 ആഡംബര വില്ലകള്‍; 6 കോടി നിക്ഷേപം; വാടക പ്രതിവര്‍ഷം 1.8 കോടി ; അന്വേഷണം തുടങ്ങി

ias ips couple

സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ എസിബിക്ക് അനുമതി നല്‍കി.

അഴിമതി ആരോപണത്തില്‍ രാജസ്ഥാനില്‍ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ ശിഖര്‍ അഗര്‍വാളിനും ഭാര്യയും മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥയുമായ പ്രശാഖ മാത്തൂറിനുമെതിരെ അന്വേഷണം. രണ്ട് ആഡംബര റിസോര്‍ട്ടുകളിലായി 40 വില്ലകളും കോട്ടേജുകളും വാങ്ങിയതിനും പിന്നീട് ഇവ അതേ കമ്പനിക്ക് പാട്ടത്തിന് നല്‍കിയതിനെ തുടര്‍ന്നാണ് അന്വേഷണം നടത്തുന്നത്. റിസോര്‍ട്ട് നടത്തിപ്പുകാരായ സ്വകാര്യ കമ്പനിക്ക് ഉദ്യോഗസ്ഥര്‍ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് ആനുകൂല്യങ്ങള്‍ നല്‍കിയിട്ടുണ്ടോയെന്നാണ് പ്രധാനമായും പരിശോധിക്കുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ എസിബിക്ക് അനുമതി നല്‍കി.
അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ ഇരുവരെയും സര്‍ക്കാര്‍ വെയിറ്റിങ് പോസ്റ്റിങ് ഓര്‍ഡേഴ്‌സ് (എപിഒ) വിഭാഗത്തിലേക്ക് മാറ്റി. രണ്ടര വര്‍ഷത്തിനിടെ നടന്ന ഇടപാടുകളാണ് വിവാദമായിരിക്കുന്നത്. ഉദയ്പൂരിലെ ബുജ്ഡയില്‍ 20 കോട്ടേജുകളും അല്‍വാറിലെ അജബ്ഗഢില്‍ 20 വില്ലകളുമാണ് ഇരുവരും വാങ്ങിയത്. റിസോര്‍ട്ടുകള്‍ നടത്തുന്ന ഗോയല്‍ ഫാഷന്‍സ് പ്രൈവറ്റ് ലിമിറ്റഡില്‍ നിന്നാണ് ഇവ വാങ്ങിയത്. 6.16 കോടി രൂപയാണ് നിക്ഷേപം.
വസ്തുക്കള്‍ വാങ്ങിയതിന് പിന്നാലെ ഇവ മുഴുവന്‍ അതേ കമ്പനിക്ക് പാട്ടത്തിന് നല്‍കുകയും ചെയ്തു. ഇതിലൂടെ പ്രതിവര്‍ഷം 1.80 കോടി രൂപ വാടകയായി ലഭിക്കുന്ന തരത്തിലായിരുന്നു കരാര്‍. ഉദയ്പൂരിലെ കോട്ടേജുകള്‍ക്ക് 80 ലക്ഷം രൂപയും അല്‍വാറിലെ വില്ലകള്‍ക്ക് ഒരു കോടി രൂപയുമാണ് വാര്‍ഷിക വാടകയായി നിശ്ചയിച്ചിരുന്നത്.

വ്യവസായ വകുപ്പ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ് തുടങ്ങിയ പ്രധാന വകുപ്പുകളില്‍ ചുമതല വഹിച്ചിരുന്ന കാലത്ത് ശിഖര്‍ അഗര്‍വാള്‍ സ്വകാര്യ കമ്പനിക്ക് ഔദ്യോഗിക ആനുകൂല്യങ്ങള്‍ നല്‍കിയിട്ടുണ്ടോയെന്നാണ് എസിബി പരിശോധിക്കുന്നത്. നിര്‍മാണ അനുമതികളില്‍ ഇളവ് അനുവദിച്ചോ, വിവിധ സര്‍ക്കാര്‍ ക്ലിയറന്‍സുകള്‍ വേഗത്തിലാക്കി നല്‍കിയോ, നിക്ഷേപവുമായി ബന്ധപ്പെട്ട പ്രത്യേക ഇളവുകള്‍ അനുവദിച്ചോ തുടങ്ങിയ കാര്യങ്ങളും അന്വേഷണ പരിധിയിലുണ്ട്.
ചില വില്ലകള്‍ക്ക് നിലവിലെ വിപണിവിലയേക്കാള്‍ വളരെ കുറഞ്ഞ തുകയാണ് രജിസ്‌ട്രേഷന്‍ സമയത്ത് രേഖപ്പെടുത്തിയതെന്നാണ് അന്വേഷണ ഏജന്‍സിയുടെ കണ്ടെത്തല്‍. വില്ലകളുടെ വില്‍പ്പന രേഖകളില്‍ ചിലത് ഒപ്പുവച്ച അതേ ദിവസം തന്നെ റിസോര്‍ട്ട് കമ്പനിക്ക് പ്രത്യേക സര്‍ക്കാര്‍ ആനുകൂല്യ പാക്കേജ് അനുവദിച്ചതായും സാമ്പത്തിക രേഖകളില്‍നിന്ന് വ്യക്തമായിട്ടുണ്ട്. ഇതിന്റെ സാഹചര്യങ്ങളും എസിബി പരിശോധിക്കുന്നുണ്ട്.

സിവില്‍ സര്‍വീസ് ചട്ടങ്ങള്‍ പ്രകാരം ഉദ്യോഗസ്ഥര്‍ വര്‍ഷംതോറും സമര്‍പ്പിക്കേണ്ട സ്വത്ത് വിവരങ്ങളില്‍ ഈ ഇടപാടുകളുടെ പൂര്‍ണ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന സംശയവും അന്വേഷണത്തിലുണ്ട്. 40 വസ്തുക്കളും ദമ്പതികള്‍, ഇവരുടെ പ്രായപൂര്‍ത്തിയായ രണ്ട് ആണ്‍മക്കളുടെയും മാത്തൂറിന്റെ മാതാപിതാക്കളുടെയും പേരിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Tags