ഗുജറാത്തില്‍ അംഗീകാരമില്ലാത്ത മൂന്ന് പാര്‍ട്ടികള്‍ നടത്തിയത് 1,800 കോടിയുടെ വ്യാജ സംഭാവന തട്ടിപ്പ്
വ്യാജ സംഭാവനകളുടെ മറവില്‍ 1,869.61 കോടി രൂപ വെളുപ്പിക്കുകയും 560 കോടിയിലധികം രൂപയുടെ നികുതി വെട്ടിപ്പ് നടത്തുകയും ചെയ്തതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ആദായനികുതി വകുപ്പിന്റെ പരാതിയില്‍ ഗാന്ധിനഗര്‍ സി.ഐ.ഡി ക്രൈം വിഭാഗം കേസെടുത്തു
അംഗീകാരമില്ലാത്ത മൂന്ന് രാഷ്ട്രീയ പാര്‍ട്ടികളുടെ മറവില്‍ നടന്നുപോന്ന വന്‍ സാമ്പത്തിക തട്ടിപ്പും നികുതി വെട്ടിപ്പും പുറത്തുകൊണ്ടുവന്ന് ആദായനികുതി വകുപ്പ്. വ്യാജ സംഭാവനകളുടെ മറവില്‍ 1,869.61 കോടി രൂപ വെളുപ്പിക്കുകയും 560 കോടിയിലധികം രൂപയുടെ നികുതി വെട്ടിപ്പ് നടത്തുകയും ചെയ്തതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ആദായനികുതി വകുപ്പിന്റെ പരാതിയില്‍ ഗാന്ധിനഗര്‍ സി.ഐ.ഡി ക്രൈം വിഭാഗം കേസെടുത്തു. ഗാന്ധിനഗറില്‍ രജിസ്റ്റര്‍ ചെയ്ത ഭാരതീയ നാഷണല്‍ ജനതാ ദള്‍, അഹമ്മദാബാദിലെ ഗരീബ് കല്യാണ്‍ പാര്‍ട്ടി, സ്വതന്ത്രതാ അഭിവ്യക്തി പാര്‍ട്ടി എന്നീ പ്രമുഖമല്ലാത്ത സംഘടനകള്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
വലിയ തുകകള്‍ സംഭാവനയായി സ്വീകരിച്ച് വ്യാജ രസീതുകള്‍ നല്‍കുകയും, തുക ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് പിന്‍വലിച്ച് രണ്ട് മുതല്‍ പത്ത് ശതമാനം വരെ കമ്മീഷന്‍ ഈടാക്കിയ ശേഷം ബാക്കി തുക ഹവാല മാര്‍ഗ്ഗങ്ങളിലൂടെ ദാതാക്കള്‍ക്ക് തന്നെ തിരിച്ചുകൊടുക്കുകയുമായിരുന്നു ഇവര്‍ ചെയ്തിരുന്നത്. ഇതുവഴി സംഭാവന നല്‍കിയ വ്യക്തികള്‍ക്ക് ആദായനികുതി ഇളവുകള്‍ പൂര്‍ണ്ണമായും നിയമവിരുദ്ധമായി നേടിയെടുക്കാന്‍ സാധിച്ചു.
ഏറ്റവും വലിയ തട്ടിപ്പ് നടത്തിയത് ഭാരതീയ നാഷണല്‍ ജനതാ ദള്‍ എന്ന പാര്‍ട്ടിയാണ്. അന്‍പതിനായിരത്തിലധികം ദാതാക്കളില്‍ നിന്നായി 1,143 കോടിയിലധികം രൂപ കൈപ്പറ്റിയ ഇവര്‍ 343 കോടിയുടെ നികുതി നഷ്ടമാണ് സര്‍ക്കാരിനുണ്ടാക്കിയത്. വ്യാജ ബില്ലുകള്‍ നിര്‍മ്മിച്ചും ഷെല്‍ കമ്പനികള്‍ വഴി പണം മാറ്റിയുമായിരുന്നു തട്ടിപ്പ്. മറ്റ് രണ്ട് പാര്‍ട്ടികളും സമാനമായ രീതിയില്‍ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പാണ് നടത്തിയത്. സംഭവത്തില്‍ പാര്‍ട്ടികളുടെ പ്രസിഡന്റുമാര്‍, ജനറല്‍ സെക്രട്ടറിമാര്‍, ട്രഷറര്‍മാര്‍, ഹവാല ഇടനിലക്കാര്‍, കണക്കുകള്‍ പരിശോധിക്കാതെ വ്യാജ ഓഡിറ്റ് റിപ്പോര്‍ട്ട് തയ്യാറാക്കി ഒപ്പിട്ടു നല്‍കിയ ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍ എന്നിവര്‍ക്കെതിരെ വഞ്ചനയും ഗൂഢാലോചനയും ഉള്‍പ്പെടെയുള്ള വിവിധ കുറ്റങ്ങള്‍ ചുമത്തി അന്വേഷണം ഊര്‍ജ്ജിതമാക്കി.
.jpg)

