1975-ലെ അടിയന്തരാവസ്ഥ: ഉത്തരവാദിത്തം സഞ്ജയ് ഗാന്ധിക്ക് മാത്രം നൽകാനാവില്ലെന്ന് സോണിയ ഗാന്ധി; ആത്മകഥയിലെ തുറന്നുപറച്ചിൽ

1975 Emergency: Sanjay Gandhi cannot be held solely responsible, says Sonia Gandhi in autobiography

ന്യൂഡൽഹി: 1975-ലെ അടിയന്തരാവസ്ഥ ഇന്ത്യൻ ചരിത്രത്തിലെ ഒരു ഇരുണ്ട അധ്യായമായിരുന്നുവെന്ന് സമ്മതിച്ച് കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധി. അടിയന്തരാവസ്ഥക്കാലത്തുണ്ടായ അതിക്രമങ്ങളുടെയും അമിതാധികാര പ്രയോഗങ്ങളുടെയും പൂർണ ഉത്തരവാദിത്തം സഞ്ജയ് ഗാന്ധിയുടേത് മാത്രമാണെന്ന് കരുതുന്നില്ലെന്നും, അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്ക് മുതിർന്ന സഹപ്രവർത്തകരിൽ ചിലരിൽ നിന്ന് വലിയ സമ്മർദമുണ്ടായിരുന്നുവെന്നും ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അവർ വെളിപ്പെടുത്തി.

അടിയന്തരാവസ്ഥയെ "ജനാധിപത്യവിരുദ്ധവും ഏകാധിപത്യപരവുമായ ഒരു കാലഘട്ടം" എന്ന് വിശേഷിപ്പിക്കുന്നത് ശരിയല്ലേ എന്ന ചോദ്യത്തിന്, ആ സമയത്ത് ജനാധിപത്യ അവകാശങ്ങൾ ഹനിക്കപ്പെട്ടിരുന്നുവെന്ന് സോണിയ സമ്മതിച്ചു. എന്നാൽ ഇതൊക്കെ ഭരണഘടനാപരമായ ചട്ടക്കൂടിനുള്ളിൽ നിന്നാണ് നടന്നതെന്നും, പിൽക്കാലത്ത് തന്റെ ഭർതൃമാതാവായ ഇന്ദിരാ ഗാന്ധി ഇതിൽ പരസ്യമായി ഖേദം പ്രകടിപ്പിച്ചിരുന്നതായും അവർ ചൂണ്ടിക്കാട്ടി.

അടിയന്തരാവസ്ഥ ഏർപ്പെടുത്താൻ ഇന്ദിരാ ഗാന്ധിയെ പ്രേരിപ്പിച്ചത് അക്കാലത്തുണ്ടായ അസാധാരണമായ രാഷ്ട്രീയ സാഹചര്യങ്ങളായിരുന്നു. കോൺഗ്രസിലെ തന്നെ മുതിർന്ന ചില നേതാക്കളിൽ നിന്നും സഹപ്രവർത്തകരിൽ നിന്നും ഇതിനായി കടുത്ത സമ്മർദമുണ്ടായിരുന്നു. അതിനാൽ അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിൽ ഇന്ദിരാ ഗാന്ധി ഒട്ടും സന്തുഷ്ടയോ കംഫർട്ടബിളോ ആയിരുന്നില്ലെന്ന് സോണിയ ഗാന്ധി വ്യക്തമാക്കുന്നു.

അടിയന്തരാവസ്ഥ ഒരു തെറ്റായിരുന്നു എന്ന് ഇന്ദിരയ്ക്ക് പിന്നീട് തോന്നിയിരുന്നു. ജനാധിപത്യത്തിൽ പൂർണമായി വിശ്വസിച്ചിരുന്ന അവർ, ഇത് നീട്ടിക്കൊണ്ടുപോകാൻ ആഗ്രഹിക്കാത്തതുകൊണ്ടാണ് 1977-ൽ പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതെന്നും സോണിയ ഓർമ്മിപ്പിച്ചു.അടിയന്തരാവസ്ഥ ജനാധിപത്യത്തിന് ഏൽപ്പിച്ച ആഘാതത്തെ അംഗീകരിക്കുമ്പോൾ തന്നെ, അത് ഇന്ദിരാ ഗാന്ധി മനഃപൂർവം ചെയ്ത ഒന്നല്ലെന്ന നിലപാടിലാണ് സോണിയ ഗാന്ധി എത്തിനിൽക്കുന്നത്. നവംബർ 10-ന് സോണിയ ഗാന്ധിയുടെ ആത്മകഥ 'ബിലോങ്ങിംഗ്: എ ജേർണി ഓഫ് ലവ്' (Belonging: A Journey of Love) ആഗോളതലത്തിൽ പുറത്തിറങ്ങാനിരിക്കെയാണ് ഈ തുറന്നുപറച്ചിലുകൾ.

Tags