ഡല്‍ഹിയില്‍ 16കാരിയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി; നാല് പേര്‍ പിടിയില്‍

police

പെണ്‍കുട്ടിയുടെ കുടുംബം നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ബലാത്സംഗം, കൊലപാതകം തുടങ്ങിയ വകുപ്പുകള്‍ ചുമത്തി കേസെടുക്കുകയായിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഡല്‍ഹിയില്‍ പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി. സ്വരൂപ് നഗറിലാണ് സംഭവം നടന്നത്. സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേര്‍ ഉള്‍പ്പെടെ നാല് പേര്‍ പിടിയിലായി. പ്രതികളിലൊരാളായ പതിനേഴുകാരന്‍ പെണ്‍കുട്ടിയുടെ സുഹൃത്താണ്. ഇയാളാണ് പെണ്‍കുട്ടിയെ ആദ്യം ഉപദ്രവിച്ചത്. തുടര്‍ന്ന് മറ്റുള്ളവരും ഇവിടേയ്ക്ക് എത്തുകയും പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്യുകയും കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു.

ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു അഴുകിയ നിലയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തുന്നത്. സ്വരൂപ് നഗറിലെ കുശക് റോഡിലുള്ള ഒരു വയലിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. വലതു കൈ നഷ്ടപ്പെട്ട നിലയിലും മുഖം തിരിച്ചറിയാന്‍ കഴിയാത്ത വിധത്തിലുമായിരുന്നു മൃതദേഹം. പെണ്‍കുട്ടി ബലാത്സംഗത്തിനിരയായതായി പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ശരീരത്തില്‍ എട്ടോളം മുറിവുകളുണ്ടായിരുന്നു. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതാണെന്നും മൃതദേഹം സ്ഥലത്തുകൊണ്ട് ഉപേക്ഷിച്ചതാണെന്നും മനസിലായി. മൃഗങ്ങള്‍ ഭക്ഷിച്ച നിലയിലായിരുന്നു മൃതദേഹമെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. തിരിച്ചറിയാന്‍ കഴിയാത്ത നിലയിലായിരുന്നു മൃതദേഹമെന്നതിനാല്‍ പെണ്‍കുട്ടി ആരാണെന്ന് കണ്ടെത്തുക എന്നത് പ്രയാസകരമായിരുന്നു. ഏറെ അന്വേഷിച്ച ശേഷമാണ് പെണ്‍കുട്ടിയുടെ കുടുംബത്തെ കണ്ടെത്താന്‍ കഴിഞ്ഞത്. പെണ്‍കുട്ടിയുടെ കുടുംബം നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ബലാത്സംഗം, കൊലപാതകം തുടങ്ങിയ വകുപ്പുകള്‍ ചുമത്തി കേസെടുക്കുകയായിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Tags