പാര്‍ക്കില്‍ സിപ്‌ലൈൻ കയര്‍ പൊട്ടി അപകടം: 16 കാരന് ദാരുണാന്ത്യം
45 അടി ഉയരത്തില്‍ സിപ്‌ലൈൻ റൈഡ് ചെയ്തുകൊണ്ടിരിക്കെ കയർ പെട്ടെന്ന് പാതിവഴിയില്‍ വെച്ച് പൊട്ടിപ്പോവുകയും കുനാല്‍ താഴേക്ക് വീഴുകയുമായിരുന്നു.
ആഗ്ര.പാർക്കില്‍ സിപ്‌ലൈൻ കയർ പൊട്ടി വീണ് 16 വയസ്സുകാരൻ മരിച്ചു. 45 അടി ഉയരത്തില്‍ നിന്നാണ് കുട്ടി താഴേക്ക് വീണത്.ആഗ്രയിലെ താജ്‌ഗഞ്ച് പ്രദേശത്തുള്ള ഒരു വിനോദ കേന്ദ്രത്തില്‍ ഞായറാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് ഈ സംഭവം നടന്നത്.
പങ്കജ് അഗർവാളിന്റെ മകൻ കുനാല്‍ അഗർവാള്‍ ആണ് മരിച്ചത്. കുനാല്‍ കുടുംബത്തോടൊപ്പം അവധിദിവസം ആഘോഷിക്കാൻ ഇവിടെ എത്തിയതായിരുന്നു. 45 അടി ഉയരത്തില്‍ സിപ്‌ലൈൻ റൈഡ് ചെയ്തുകൊണ്ടിരിക്കെ കയർ പെട്ടെന്ന് പാതിവഴിയില്‍ വെച്ച് പൊട്ടിപ്പോവുകയും കുനാല്‍ താഴേക്ക് വീഴുകയുമായിരുന്നു.
അപകട വിവരം അറിഞ്ഞയുടൻ പൊലീസ് സ്ഥലത്തെത്തുകയും പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ സരോജിനി നായിഡു മെഡിക്കല്‍ കോളേജില്‍ എത്തിക്കുകയും ചെയ്തെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു.
ഈ സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി കഴിഞ്ഞു. ഈ വിനോദ കേന്ദ്രം ആഗ്ര വികസന അതോറിറ്റിയുടെ കീഴിലുള്ളതാണെന്നും എന്നാല്‍ അവിടുത്തെ ഇത്തരം സാഹസിക വിനോദങ്ങള്‍ നടത്താനുള്ള ചുമതല ഒരു സ്വകാര്യ കമ്പനിക്ക് കരാർ നല്‍കിയിരിക്കുകയായിരുന്നു എന്നുമാണ് അധികൃതർ പറയുന്നത്. ഈ വൻ അപകടത്തെത്തുടർന്ന് വിനോദ കേന്ദ്രത്തിലെ എല്ലാവിധ സാഹസിക കളികളും പൊലീസ് ഇപ്പോള്‍ താല്‍ക്കാലികമായി നിർത്തിവെപ്പിച്ചിരിക്കുകയാണ്.
.jpg)

