തണ്ണിമത്തൻ കഴിച്ചതിന് പിന്നാലെ 15 വയസ്സുകാരൻ മരിച്ചതായി പരാതി
രാവിലെ മുറിച്ച തണ്ണിമത്തനായതിനാലാകാം ഭക്ഷ്യവിഷബാധയേറ്റതെന്ന് ജില്ലാ ആശുപത്രി സിവില്‍ സർജൻ ഡോ. എസ്. കുജൂർ പറഞ്ഞു.
റായ്പൂർ. തണ്ണിമത്തൻ കഴിച്ചതിന് പിന്നാലെ 15 വയസ്സുകാരൻ മരിച്ചതായി പരാതി.ഛത്തീസ്ഗഡിലെ ജഞ്ച്ഗിർ-ചമ്പ ജില്ലയിലെ ഗുർകോട്ട് ഗ്രാമത്തിലാണ് സംഭവം. പോഡി ദല്‍ഹ ഗ്രാമത്തിലെ 15 വയസ്സുകാരനായ അഖിലേഷ് ധിവാർ ആണ് മരിച്ചത്. മൂന്ന് കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ ഏറ്റതായും അധികൃതർ അറിയിച്ചു. അവരിദ് ഗ്രാമത്തില്‍ നിന്നുള്ള ശ്രീ ധീവർ (4), ഖട്ടോലയില്‍ നിന്നുള്ള പിന്റു ധീവർ (12), കോട്ഗഡില്‍ നിന്നുള്ള ഹിതേഷ് ധിവർ (13) എന്നിവർ ആശുപത്രിയില്‍ ചികിത്സയിലാണ്.
ബന്ധുക്കളോടൊപ്പം അമ്മവീട്ടില്‍ എത്തിയതായിരുന്നു കുട്ടികള്‍. ഞായറാഴ്ച വൈകിട്ട് കുട്ടികള്‍ വീട്ടില്‍ മുറിച്ചുവെച്ചിരുന്ന തണ്ണിമത്തൻ കഴിച്ചിരുന്നു. ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം അഖിലേഷിന് ഛർദ്ദി തുടങ്ങി. കൂടാതെ വയറിളക്കവും ശ്വാസതടസ്സവും അനുഭവപ്പെട്ടു. പിന്നീട് മറ്റ് മൂന്ന് കുട്ടികളിലും സമാനമായ ലക്ഷണങ്ങള്‍ തുടങ്ങി.
കുട്ടികളുടെ ആരോഗ്യനില വഷളായതിനെ തുടർന്ന് തിങ്കളാഴ്ച കുടുംബാംഗങ്ങള്‍ ജില്ലാ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും അഖിലേഷ് മരിച്ചിരുന്നു. മറ്റ് മൂന്നു കുട്ടികളും അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ്.
രാവിലെ മുറിച്ച തണ്ണിമത്തനായതിനാലാകാം ഭക്ഷ്യവിഷബാധയേറ്റതെന്ന് ജില്ലാ ആശുപത്രി സിവില്‍ സർജൻ ഡോ. എസ്. കുജൂർ പറഞ്ഞു. കേടായ തണ്ണിമത്തൻ കഴിച്ചതുകൊണ്ടാണ് കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റതെന്ന് കരുതപ്പെടുന്നു. കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. ഫോറൻസിക് പരിശോധനക്കായി ആന്തരികാവയവങ്ങളുടെ സാമ്പ്ളുകള്‍ സൂക്ഷിച്ചിട്ടുണ്ട്.
.jpg)

