ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്ത് വിവരങ്ങൾ ചോർത്താൻ ശ്രമം; 14-കാരൻ പിടിയിൽ
ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ അനധികൃതമായി പ്രവേശിച്ച് വിവരങ്ങൾ ചോർത്തിയെന്ന ആരോപണത്തിൽ 14 വയസ്സുകാരനെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു. ഹരിയാനയിലെ ബല്ലഭ്ഗഢ് സ്വദേശിയായ സ്വകാര്യ സ്കൂൾ വിദ്യാർത്ഥിയാണ് പിടിയിലായത്. അഗ്നിവീർ വിഭാഗത്തിൽപ്പെട്ട 2,500-ലധികം പേരുടെ വിവരങ്ങളും വെബ്സൈറ്റിന്റെ അഡ്മിനിസ്ട്രേറ്റർ ആക്സസും 500 ഡോളറിന് (ഏകദേശം 45,000 രൂപ) ഡാർക്ക് വെബിലൂടെ വിൽക്കാൻ ശ്രമിച്ചെന്നാണ് കേസ്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ടൂളുകളുടെ സഹായത്തോടെയാണ് വിദ്യാർത്ഥി വെബ്സൈറ്റിലെ സുരക്ഷാ പിഴവുകൾ കണ്ടെത്തി വിവരങ്ങൾ ശേഖരിച്ചതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം. കഴിഞ്ഞ സെപ്റ്റംബറിൽ ഡൽഹി പോലീസിന്റെ ഇന്റലിജൻസ് ഫ്യൂഷൻ ആൻഡ് സ്ട്രാറ്റജിക് ഓപ്പറേഷൻസ് (ഐഎഫ്എസ്ഒ) വിഭാഗമാണ് ഡാർക്ക് വെബിലെ വിൽപ്പന പരസ്യം കണ്ടെത്തിയത്. തുടർന്ന് പരസ്യത്തിൽ നൽകിയിരുന്ന ടെലിഗ്രാം ഐഡി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വിദ്യാർത്ഥിയിലേക്ക് എത്തിയത്. കസ്റ്റഡിയിലെടുത്ത കുട്ടിയെ ചോദ്യം ചെയ്ത ശേഷം കുടുംബത്തിന് കൈമാറി.
അഗ്നിവീർ രേഖകൾ ഉൾപ്പെടെയുള്ള വിവരങ്ങളും അഡ്മിൻ സംവിധാനത്തിലേക്കുള്ള പ്രവേശനവും നൽകാമെന്നായിരുന്നു പരസ്യത്തിലെ വാഗ്ദാനം. എന്നാൽ വിവരങ്ങൾ വിൽക്കാനുള്ള ശ്രമം മാത്രമാണ് നടന്നതെന്നും പണമിടപാട് പൂർത്തിയായിട്ടില്ലെന്നും പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി.
അതേസമയം, മന്ത്രാലയത്തിന്റെ വെബ്സൈറ്റ് യഥാർത്ഥത്തിൽ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടോ, വിദ്യാർത്ഥിയുടെ പക്കലുള്ള വിവരങ്ങൾ ഔദ്യോഗിക രേഖകളുമായി പൊരുത്തപ്പെടുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരാനുണ്ട്. വിവരങ്ങളുടെ ആധികാരികത പരിശോധിക്കുന്നതിനായി ഡൽഹി പോലീസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ സമീപിച്ചിട്ടുണ്ട്. ഐടി നിയമപ്രകാരം കേസെടുത്ത് അന്വേഷണം ഊർജിതമാക്കി.
.jpg)

