പ്രചരിക്കുന്നത് വ്യാജവാര്‍ത്ത, സൗന്ദര്യയും നടന്‍ മോഹന്‍ ബാബുവും തമ്മില്‍ സ്വത്ത് തര്‍ക്കമില്ല: നടിയുടെ ഭര്‍ത്താവ്


നടന്‍ മോഹന്‍ ബാബുവുമായി നീണ്ട കാലത്തെ സൗഹൃദമാണെന്നും തന്റെ അറിവില്‍ ഇരുവരും തമ്മില്‍ സ്വത്ത് തര്‍ക്കം ഉണ്ടായിരുന്നില്ലെന്നും രഘു ജി എസ് പറഞ്ഞു
നടി സൗന്ദര്യയുടേത് അപകടമരണമല്ലെന്നും മറിച്ച് മോഹന്‍ ബാബുവുമായി ബന്ധപ്പെട്ട സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നുള്ള കൊലപാതകമാണെന്നും ആരോപിച്ച് ആന്ധ്രാപ്രദേശിലെ ഖമ്മം ജില്ലയിലെ ചിട്ടിമല്ലു എന്ന വ്യക്തി കഴിഞ്ഞ ദിവസങ്ങളില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ വ്യാജമാണെന്ന് പറഞ്ഞുകൊണ്ട് ഇപ്പോള്‍ നടിയുടെ ഭര്‍ത്താവ് രഘു ജി എസ് രംഗത്തെത്തിയിരിക്കുകയാണ്. നടന്‍ മോഹന്‍ ബാബുവുമായി നീണ്ട കാലത്തെ സൗഹൃദമാണെന്നും തന്റെ അറിവില്‍ ഇരുവരും തമ്മില്‍ സ്വത്ത് തര്‍ക്കം ഉണ്ടായിരുന്നില്ലെന്നും രഘു ജി എസ് പറഞ്ഞു. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് നിര്‍ത്തണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടു. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വാര്‍ത്താ കുറിപ്പിലൂടെയാണ് പ്രതികരണം.
'കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഹൈദരാബാദിലെ സ്വത്തുമായി ബന്ധപ്പെട്ട് ശ്രീ മോഹന്‍ ബാബു സാറിനെയും ശ്രീമതി സൗന്ദര്യയെയും കുറിച്ച് തെറ്റായ വാര്‍ത്ത പ്രചരിക്കുന്നുണ്ട്. സ്വത്തുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. ആയതിനാല്‍ ഈ തെറ്റായ വാര്‍ത്തകള്‍ ഞാന്‍ നിഷേധിക്കാന്‍ ആഗ്രഹിക്കുന്നു. എന്റെ ഭാര്യ പരേതയായ ശ്രീമതി സൗന്ദര്യയില്‍ നിന്ന് മോഹന്‍ ബാബു സാര്‍ നിയമവിരുദ്ധമായി സമ്പാദിച്ച ഒരു സ്വത്തും ഇല്ലെന്ന് ഞാന്‍ സ്ഥിരീകരിക്കുന്നു.
എന്റെ അറിവില്‍ അദ്ദേഹവുമായി ഞങ്ങള്‍ക്ക് ഒരു ഭൂമി ഇടപാടും ഉണ്ടായിരുന്നില്ല. കഴിഞ്ഞ 25 വര്‍ഷമായി എനിക്ക് മോഹന്‍ ബാബു സാറിനെ അറിയാം, അദ്ദേഹവുമായി ഞങ്ങള്‍ നല്ല സൗഹൃദം പങ്കിടുന്നു. തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് നിര്‍ത്താന്‍ നിങ്ങളോട് എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു,' വാര്‍ത്താകുറിപ്പില്‍ പറയുന്നു.
