കുട്ടികളുടെ അമിതവണ്ണം കുറയ്ക്കാൻ മരുന്ന് മാത്രം പോരാ ; ജീവിതശൈലിയിൽ മാറ്റം വേണമെന്ന് ലോകാരോഗ്യ സംഘടന

Childhood obesity

 കുട്ടികളിലെ അമിതവണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ഭക്ഷണക്രമത്തിലും വ്യായാമശീലങ്ങളിലും പെരുമാറ്റരീതികളിലും മാറ്റം വരുത്തേണ്ടതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി ലോകാരോഗ്യ സംഘടനയുടെ പുതിയ മാർഗനിർദേശങ്ങൾ. കുട്ടികളുടെ അമിതവണ്ണം നിയന്ത്രിക്കാൻ മരുന്നുകളെ മാത്രം ആശ്രയിക്കുന്നതിനുപകരം കുടുംബത്തിന്റെ പിന്തുണയോടെയുള്ള ജീവിതശൈലി മാറ്റങ്ങൾക്കാണ് മാർഗനിർദേശങ്ങളിൽ പ്രാധാന്യം നൽകുന്നത്.

കുട്ടികൾക്ക് പ്രായത്തിനും ആരോഗ്യനിലയ്ക്കും അനുയോജ്യമായ ഭക്ഷണം നൽകുക, ശാരീരിക പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുക, ആരോഗ്യകരമായ ശീലങ്ങൾ വളർത്തുക എന്നിവ പ്രധാനമാണ്. പാക്കറ്റ് ഭക്ഷണങ്ങൾ, മധുരപാനീയങ്ങൾ, അമിതമായി സംസ്കരിച്ച ഭക്ഷണങ്ങൾ എന്നിവയുടെ ഉപയോഗം നിയന്ത്രിക്കുന്നതും ഭക്ഷണത്തിൽ പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തുന്നതും സഹായകരമാണ്.

കുട്ടികളിൽ അമിതവണ്ണം ശ്രദ്ധയിൽപ്പെട്ടാൽ സ്വയം ഭക്ഷണനിയന്ത്രണം ഏർപ്പെടുത്തുകയോ ഡോക്ടറുടെ നിർദേശമില്ലാതെ ശരീരഭാരം കുറയ്ക്കാനുള്ള മരുന്നുകൾ നൽകുകയോ ചെയ്യരുത്. കുട്ടിയുടെ വളർച്ചയും ആരോഗ്യനിലയും വിലയിരുത്തി ഡോക്ടറുടെ മാർഗനിർദേശത്തോടെ ആവശ്യമായ മാറ്റങ്ങൾ വരുത്തുകയാണ് ഉചിതം.

Tags