വെസ്റ്റ് നൈൽ പനി: ആലപ്പുഴയിൽ ജാഗ്രത നിർദ്ദേശം

West Nile fever: Alert issued in Alappuzha

ആലപ്പുഴ: കൊതുകു പരത്തുന്ന വെസ്റ്റ് നൈൽ പനിക്കെതിരേ ജാഗ്രത പാലിക്കണമെന്ന് ആലപ്പുഴ ജില്ലാ മെഡിക്കൽ ഓഫീസർ . ദേശാടനപ്പക്ഷികളിൽ കാണാനിടയുള്ള ഫ്ലാവി വൈറസ് വിഭാഗത്തിൽപ്പെടുന്ന വൈറസ് കൊതുകുകടിയിലൂടെ മനുഷ്യരിലേക്കെത്തുന്നു. കെട്ടിനിൽക്കുന്ന മലിനജലത്തിലും ഓവുചാലുകൾ, സെപ്റ്റിക് ടാങ്കുകൾ, ചതുപ്പുപ്രദേശം, പാടങ്ങൾ പുൽച്ചെടികൾ തഴച്ചുവളരുന്ന ഇടങ്ങൾ എന്നിവിടങ്ങളിലും കൂടുതൽ കാണാനിടയുള്ള ക്യൂലക്സ് കൊതുകുകളാണ് രോഗവാഹകർ.

വെള്ളം കെട്ടിക്കിടക്കാനിടയുള്ള ടയറുകൾ, പാത്രങ്ങൾ എന്നിവിടങ്ങളിലും കൊതുകു പെരുകാൻ ഇടയുണ്ട്. കൊതുകുകടി ഒഴിവാക്കാനുള്ള മാർഗങ്ങൾ സ്വീകരിക്കണം.

കൊതുകു കടിക്കാൻ സാധ്യത കൂടുതലുള്ള രാവിലെയും വൈകുന്നേരങ്ങളിലും പ്രത്യേകം ശ്രദ്ധിക്കുക. പ്രഭാത/സായാഹ്ന നടത്തം തുടങ്ങി വ്യായാമങ്ങളിൽ ഏർപ്പെടുന്നവരും ഈ സമയങ്ങളിൽ പുറത്ത് സമയം ചെലവിടുന്നവരും കൊതുകുകടി ഏൽക്കാതെ ശ്രദ്ധിക്കുക. പുറത്ത് സമയം ചെലവിടാതിരിക്കുന്നതാണ് ഉചിതം. 

പുറത്തിറങ്ങുമ്പോൾ കൈകാലുകൾ മൂടുന്ന തരത്തിലുള്ള ഇളം നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക. കൊതുകുകടി പ്രതിരോധിക്കുന്ന ലേപനങ്ങൾ പുരട്ടുക. കിടപ്പുമുറിയിലും മറ്റും മുഷിഞ്ഞ വസ്ത്രങ്ങൾ കൂട്ടിയിടാതിരിക്കാൻ ശ്രദ്ധിക്കുക. കൊതുക് കടക്കാത്ത വിധം ജനാലകളിലും വാതിലുകളിലും വല ഘടിപ്പിക്കുക. ഉറങ്ങുമ്പോൾ കൊതുകുവല ഉപയോഗിക്കുക.


വീടിനുള്ളിലും പരിസരത്തും കൊതുക് വളരാൻ ഇടയുള്ള സാഹചര്യങ്ങൾ ഇല്ലാതാക്കുക. ടെറസിലും പാത്തികളിലും വെള്ളം തങ്ങിനിൽക്കാത്ത വിധം വൃത്തിയാക്കുക. ടയറുകൾ, പാഴ്‌വസ്തുക്കൾ എന്നിവ വെള്ളം നനയാത്തവിധം സൂക്ഷിക്കുക. വെള്ളം ശേഖരിച്ചുവെക്കുന്ന പാത്രങ്ങൾ മൂടി സൂക്ഷിക്കുക.

ശൗചാലയങ്ങളുടെ വെന്റ്‌ പൈപ്പ് വലയിട്ടു മൂടുക. വീടിനു പരിസരത്തെ കുറ്റിച്ചെടികൾ വെട്ടി വൃത്തിയാക്കുക. വീടിനു പരിസരത്ത് മലിനമായതോ ഒഴുക്കില്ലാത്തതോ ആയ വെള്ളം കെട്ടിനിൽക്കുന്ന ഇടങ്ങളിൽ ഫോഗിങ്, മറ്റു കൊതുകുനാശന പ്രവർത്തനങ്ങൾ എന്നിവ ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തിൽ ഉറപ്പാക്കുക. ജൈവമാലിന്യം കൃത്യമായി സംസ്കരിക്കുക.

വയോജനങ്ങൾ, രോഗപ്രതിരോധശേഷി കുറഞ്ഞവർ, ഗർഭിണികൾ തുടങ്ങിയവർ പ്രത്യേകം ശ്രദ്ധിക്കുക. പനി, ക്ഷീണം, മനംപിരട്ടൽ, ഛർദി, കഴുത്തുതിരിക്കാൻ ബുദ്ധിമുട്ട് തുടങ്ങിയ രോഗലക്ഷണങ്ങൾ ഉണ്ടായാൽ എത്രയും പെട്ടെന്ന് വൈദ്യസഹായം തേടുക. രണ്ടുദിവസംമുതൽ രണ്ടാഴ്ചവരെ രോഗലക്ഷണം പ്രകടമാകാൻ സമയം എടുത്തേക്കും.

ഭൂരിപക്ഷം പേരിലും പ്രകടമായ രോഗലക്ഷണങ്ങൾ ഉണ്ടാവണമെന്നില്ല. പനി, ശരീരവേദന, തലവേദന, വയറിളക്കം, മനംപിരട്ടൽ പോലെയുള്ള ലക്ഷണങ്ങൾ തുടക്കത്തിൽ ഉണ്ടായേക്കാം. രോഗം ഗുരുതരമായാൽ നാഡീവ്യവസ്ഥയെ ബാധിക്കുന്നതിനാൽ എൻസെഫലൈറ്റിസ്, മസ്തിഷ്കജ്ജ്വരം, കാഴ്ച നഷ്ടപ്പെടുക, പക്ഷാഘാതം തുടങ്ങിയവ ഉണ്ടാകാനിടയുണ്ട്. രോഗിയിൽനിന്ന് രോഗം പകരില്ല.
 

Tags