മഴക്കാലത്ത് പകർച്ചപ്പനി വന്നാൽ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?...

. മഴക്കാലമായതിനാൽ പകർച്ചപ്പനികൾക്കെതിരെ ജാഗ്രത പാലിക്കേണ്ട സമയമാണ്. സാധാരണ പനിയാകുമെന്ന് കരുതി പലരും സ്വയം ചികിത്സ ചെയ്യുന്നവരാണ് അധികവും. നീണ്ടുനിൽക്കുന്ന പനി പകർച്ചപ്പനിയാകാൻ സാധ്യതയുള്ളതിനാൽ തുടക്കത്തിലെ ചികിത്സ തേടാൻ ശ്രദ്ധിക്കുക. സ്വയം ചികിത്സ ഒഴിവാക്കണമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.
ഏത് തരം പനിയാണ് നിങ്ങളെ ബാധിച്ചിരിക്കുന്നതെന്ന് മനസിലാക്കുകയാണ് ആദ്യം ചെയ്യേണ്ടത്.സ്വയം ചികിത്സ പാടില്ല എന്നതാണ് പ്രധാനപ്പെട്ട മറ്റൊരു കാര്യം. പനിയോടൊപ്പം ശക്തമായ തലവേദന, ദേഹവേദന, അമിതമായ ക്ഷീണം എന്നിവ അനുഭവപ്പെടുന്നുണ്ടെങ്കിൽ ഉടൻ തന്നെ ഡോക്ടറെ കണ്ട് പരിശോധന നടത്തുക. കാരണം ഡെങ്കിപ്പനി, എലിപ്പനി എന്നിവയിൽ രോഗനിർണയവും ചികിത്സയും വൈകിയാൽ രോഗം സങ്കീർണമാവാം.
പ്രമേഹബാധിതർ, ഹൃദ്രോഗ പ്രശ്നമുള്ളവർ, പ്രായമായവർ, കുട്ടികൾ, രോഗപ്രതിരോധശക്തി കുറഞ്ഞവർ എന്നിവരിൽ പകർച്ചപ്പനികൾ പ്രശ്നങ്ങൾ ഉണ്ടാക്കാം. പനിയുണ്ടെങ്കിൽ കുട്ടികളെ സ്കൂളിൽ വിടരുത്. പനിയും ക്ഷീണവും നന്നായി മാറിയിട്ട് സ്കൂളിൽ വിടുക.
പനിയുള്ളപ്പോൾ അമിത ഭക്ഷണം കഴിക്കരുത്. ദഹിക്കാൻ എളുപ്പമുള്ള ലഘു ഭക്ഷണങ്ങൾ കഴിക്കുക. മത്സ്യം, മാംസം, മുട്ട എന്നിവ ഒഴിവാക്കി പഴവർഗങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തുക.
കുട്ടികളിൽ പനി വരുമ്പോൾ നനഞ്ഞ തുണികൊണ്ട് ശരീരം തുടയ്ക്കുന്നത് ചൂട് കൂടാതിരിക്കാൻ സഹായിക്കും. കുട്ടികളിൽ പനിയുണ്ടാവുമ്പോൾ നനഞ്ഞ പഞ്ഞികൊണ്ട് നെറ്റിയും മറ്റും തുടയ്ക്കുന്നത് ശരീരത്തിൻറെ താപനില പെട്ടെന്ന് കുറയ്ക്കാൻ സഹായിക്കും.∙
തുമ്മുമ്പോഴോ ചുമയ്ക്കുമ്പോ തൂവാല ഉപയോഗിക്കുക. സാധിക്കുമെങ്കിൽ മാസ്ക് ഉപയോഗിക്കുന്നതും രോഗം പകരാതിരിക്കാൻ സഹായിക്കും.